ഭുവനേശ്വർ: ഒഡിഷയിൽ ഡിഫ്‌തീരിയ ബാധിച്ച് അഞ്ച് മരണം. രായഗഡ ജില്ലയിലെ കാശിപൂരിലാണ് സംഭവം. സംസ്ഥാനത്ത് സംശയാസ്‌പദമായ 18 കേസുകൾ ഉള്ളതായി ഒഡിഷ പബ്ലിക് ഹെൽത്ത് ഡയറക്‌ടർ നീലകണ്‌ഠ മിശ്ര അറിയിച്ചു.
അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോരാപുട്ടിൽ ഒരാള്‍ക്കും കാളഹണ്ടിയിൽ 5 പേർക്കും ഡിഫ്‌തീരിയ ബാധിച്ചതായി സംശയിക്കുന്നുണ്ട്. സംശയാസ്‌പദമായ 21 കേസുകൾ നിലവിൽ 18 ആയി കുറഞ്ഞിട്ടുണ്ടെന്നും മിശ്ര വ്യക്തമാക്കി. ഇന്ന് മുതൽ വാക്‌സിനേഷൻ നടപടികള്‍ക്ക് തുടക്കമായെന്നും" അദ്ദേഹം പറഞ്ഞു.
ഡിഫ്‌തീരിയ: വളരെ വേഗത്തില്‍ മറ്റുള്ളവരിലേക്ക് പകരുന്ന രോഗമാണ് ഡിഫ്‌തീരിയ. പ്രധാനമായും മൂക്കിനെയും തൊണ്ടയെയുമാണ് രോഗം ബാധിക്കുക. എന്നാൽ ചിലപ്പോള്‍ ഇത് ചർമ്മത്തെയും ബാധിക്കും. ഡിഫ്‌തീരിയ രോഗാണുക്കള്‍ പുറപ്പെടുവിക്കുന്ന ടോക്‌സിന്‍ അഥവാ വിഷവസ്‌തുക്കള്‍ രോഗം മൂര്‍ഛിക്കാന്‍ കാരണമാവുന്നു. മാത്രമല്ല ഹൃദയത്തെയും വൃക്കയെയുമെല്ലാം ഇവ തകരാറിലാക്കുകയും ചെയ്യും. വാക്‌സിനേഷൻ കൊണ്ട് തടയാൻ സാധിക്കുന്ന ഡിഫ്‌തീരിയ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയെ മരണത്തിലേക്ക് തള്ളിവിട്ടേക്കും.
ചുമ, തുമ്മൽ എന്നിവയിലൂടെയോ രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ രോഗം സ്ഥിരീകരിച്ചയാൾ ഉപയോഗിച്ച ഭൗതിക വസ്‌തുക്കളിലൂടെയുമാണ് ഡിഫ്‌തീരിയ പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. ഡിഫ്‌തീരിയ മാരകമായ രോഗമായതിനാല്‍ തന്നെ എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുകയും ചികിത്സ തേടേണ്ടതും അത്യന്താപേക്ഷിതമാണ്.
Also Read: ഹൃദയാഘാതത്തിന് ശേഷം കോശങ്ങളിലുണ്ടാക്കുന്ന പാട് നീക്കാം; പ്രതിവിധിയുമായി ഗവേഷകർ