ഹൈദരാബാദ്: മരിച്ചെന്ന് കരുതിയയാള്‍ തിരിച്ചുവരിക എന്നത് അസാധാരണമായ സംഭവമാണ്. അത്തരത്തില്‍ ഒരു സംഭവമാണ് തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്‌ച അരങ്ങേറിയത്. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഒരുങ്ങവെയാണ് 'മരിച്ച'യാള്‍ തിരിച്ചുവന്നു. വികാരാബാദ് ജില്ലയിലെ നവന്ദ്ഗി ഗ്രാമത്തിൽ നിന്നുള്ള എല്ലപ്പ എന്നയാളാണ് തിരിച്ച് വന്നത്.
എല്ലപ്പ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടില്‍ നിന്നും ജോലിക്കായി തണ്ടൂരിലേക്ക് പോയത്. അവിടെവച്ച് ഒരാളെ പരിചയപ്പെടുകയും ഇരുവരും ഒരുമിച്ച് ഇരുന്ന് മദ്യപിക്കുകയും ചെയ്‌തു. തുടര്‍ന്ന് ബോധം പോയ എല്ലപ്പയുടെ കൈയിലെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കൂടെ ഉണ്ടായിരുന്നയാള്‍ സ്ഥലം വിട്ടു.
എന്നാല്‍ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഇയാള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. ആളെ തിരിച്ചറിയാന്‍ പരിശോധന നടത്തിയ റെയിൽവേ ജീവനക്കാർ മൊബൈൽ ഫോൺ കണ്ടെത്തി. കോള് ഡാറ്റ പരിശോധിച്ച ശേഷം മരിച്ചത് എല്ലപ്പയാണെന്ന നിഗമനത്തിലുമെത്തി. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ചു. മൃതദേഹം തിരിച്ചറിയാനാകാത്ത അവസ്ഥയിലായതിനാൽ കുടുംബാംഗങ്ങൾ എല്ലപ്പയാണെന്ന് കരുതി അന്ത്യകർമങ്ങൾക്കായി നവന്ദഗിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ചില ഗ്രാമവാസികള്‍ വഴി എല്ലപ്പ മരിച്ച വിവരം സിമൻ്റ് കമ്പനിയിലെ മറ്റ് തൊഴിലാളികള്‍ അറിഞ്ഞു. ഞായറാഴ്‌ച രാവിലെ എല്ലപ്പയെ കണ്ട തൊഴിലാളികള്‍ കാര്യം എല്ലപ്പയെ അറിയിച്ചു. തുടര്‍ന്ന് എല്ലപ്പ വീട്ടുകാരെ വിളിച്ച് ശവസംസ്‌കാരം നിർത്താന്‍ ആവശ്യപ്പെടുകയും നാട്ടിലേക്ക് പോവുകയും ചെയ്‌തു.
ഇതോടെ സംസ്‌കരിക്കാനൊരുങ്ങിയ മൃതദേഹം തിരികെ റെയിൽവേ ജീവനക്കാർക്ക് കൈമാറി. മൃതദേഹം ഛിന്നഭിന്നമായതിനാലും കൃത്യമായി തിരിച്ചറിയാനാകാത്തതിനാലുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റെയിൽവേ പൊലീസ് നല്‍കുന്ന വിശദീകരണം.
Also Read: അഹമ്മദാബാദ് പൗഡർ കോട്ടിങ് സ്ഥാപനത്തിലെ സ്‌ഫോടനം; രണ്ടു പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്