ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 'സത്സംഗ്' ചടങ്ങിൽ പങ്കെടുക്കാൻ എത്തി തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പുൽരായ് ഗ്രാമത്തിൽ നടന്ന 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്.
മരണപ്പെട്ടവരിൽ 27 പേരുടെ മൃതദേഹങ്ങൾ ഇറ്റാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾ നടന്നുവരികയാണെന്ന് ഇറ്റായിലെ സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിംഗ് പറഞ്ഞു. പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടയിൽ തിക്കും തിരക്കും അനുഭവപ്പെട്ടതിനെ തുടർന്ന് ശ്വാസംമുട്ടിയ ആളുകൾ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആശിഷ് കുമാർ പറഞ്ഞു.
ആഗ്ര അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് ഡിവിഷണൽ കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും അപകടസ്ഥലത്ത് എത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു.
പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും അവരെ ഉടൻ ആശുപത്രികളിൽ എത്തിക്കാനും ജില്ല ഭരണകൂടത്തോട് ആദിത്യനാഥ് നിർദേശം നൽകി. അവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.