ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. അറസ്‌റ്റിനെതിരെ കെജ്‌രിവാള്‍ നല്‍കിയ ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ 3 ന് കെജ്‌രിവാളിന്‍റെ ഹർജി കോടതി വീണ്ടും പരിഗണിക്കും. നോട്ടീസില്‍ ഏപ്രിൽ 2 ന് മുമ്പ് മറുപടി നൽകാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്‌റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ച് ഇന്ന് വൈകുന്നേരമാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 3 ന് ഹർജിയില്‍ അന്തിമ തീർപ്പ് ഉണ്ടാകുമെന്നാണ് കോടതി പറഞ്ഞത്.
കെജ്‌രിവാളിന്‍റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തേയും പാർട്ടിയെയും ദുര്‍ബലപ്പെടുത്താനുമാണെന്നും കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്‌തത് 'നിസഹകരണം' എന്ന കാരണമാണെന്നും സിങ്‌വി പറഞ്ഞു. കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും സിങ്‌വി കോടതിയോട് ആവശ്യപ്പെട്ടു.
ഹര്‍ജിയിൽ നോട്ടീസ് അയക്കുമെന്നും മറുപടി നൽകാൻ ഇഡിക്ക് സമയം നൽകുമെന്നും വാക്കാൽ അറിയിച്ച ജസ്‌റ്റിസ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും പിന്നീട് അത് അപ്‌ലോഡ് ചെയ്യുമെന്നും അറിയിച്ചു. ഹർജി ചൊവ്വാഴ്‌ച മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നിലപാട് അറിയിക്കാന്‍ മൂന്ന് ആഴ്‌ചത്തെ സമയം നൽകണമെന്നുമാണ് ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞത്. ഇടക്കാല ജാമ്യത്തിലും തങ്ങൾക്ക് പ്രതികരിക്കാൻ ആവശ്യമായ സമയം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതികരണം ഫയൽ ചെയ്യാന്‍ സമയം അഭ്യർത്ഥിക്കുന്നത് നടപടിയില്‍ കാലതാമസം വരുത്താനാണെന്ന് സിങ്‌വി ആരോപിച്ചു.
അറസ്‌റ്റിന്‍റെ അടിസ്ഥാന കാരണമാണ് പ്രശ്‌നമെന്നും ഇതില്‍ ഹൈക്കോടതി ഉടനടി തീരുമാനമെടുക്കണമെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു. ഇത് ജനാധിപത്യം തന്നെ ഉൾപ്പെട്ടിരിക്കുന്ന കേസാണ്. അറസ്‌റ്റ് നിയമവിരുദ്ധമാണെങ്കിൽ കസ്‌റ്റഡിയിൽ ചെലവഴിച്ച ഒരു മണിക്കൂർ പോലും പ്രധാനപ്പെട്ടതാണെന്നും സിങ്‌വി പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21 ന് ആണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഔദ്യോഗിക വസതിയിലെത്തി അറസ്‌റ്റ് ചെയ്യുന്നത്. ഡൽഹി കോടതി മാർച്ച് 28 വരെ കെജ്‌രിവാളിനെ ഇഡി കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
Also Read :