ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റി. തന്‍റെ അറസ്‌റ്റിനെതിരെ കെജ്‌രിവാള്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെയ് മാസം ആദ്യം സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു നേരത്തെ ജാമ്യം നല്‍കിയത്. ജൂണ്‍ രണ്ടിന് മുമ്പ് പൊലീസില്‍ കീഴടങ്ങണമെന്നും ജാമ്യം നല്‍കിയ വേളയില്‍ എഎപി അധ്യക്ഷനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന്‍റെ പിറ്റേദിവസം കെജ്‌രിവാൾ കീഴടങ്ങേണ്ടിവരും.
നേരത്തെ തന്‍റെ ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് തിരിച്ചടിയുണ്ടായി. ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടി നല്‍കണമെന്നായിരുന്നു കെജ്‌രിവാളിന്‍റെ ആവശ്യം. ജാമ്യത്തിനായി കെജ്‌രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്ക് ചില വൈദ്യ പരിശോധനകള്‍ നടത്തുന്നതിനായാണ് കെജ്‌രിവാള്‍ ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. പെട്ടെന്ന് ശരീരഭാരം കുറഞ്ഞതടക്കമുള്ള അസ്വാഭാവികതകള്‍ വൃക്ക, ഹൃദ്രോഗ പ്രശ്‌നങ്ങള്‍ മൂലമാണെന്നും കെജ്‌രിവാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരാള്‍ക്കും ജാമ്യം നല്‍കുന്ന കീഴ്‌വഴക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നേരത്തെ കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തിരുന്നു.