സംഭൽ (ഉത്തർ പ്രദേശ്) : രാജ്യസഭ തെരഞ്ഞെടുപ്പിലെ (Rajya Sabha election) ക്രോസ് വോട്ടിങ്ങിൽ ഹിമാചൽ പ്രദേശിൽ (Himachal Pradesh Congress cross-voting) ബിജെപി ജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭ എംപി ഡാനിഷ് അലി (Lok Sabha MP Danish Ali). ഇതാദ്യമായാണ് നമ്മുടെ രാജ്യത്ത് ഇത് സംഭവിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ ജനാധിപത്യത്തിനും രാജ്യത്തിന്‍റെ രാഷ്‌ട്രീയത്തിനും നല്ലതല്ലെന്നും എംപി ഡാനിഷ് അലി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലായി 15ൽ 10 സീറ്റുകളും ഭാരതീയ ജനത പാർട്ടി നേടിയ രാജ്യസഭ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്ങിന് ശേഷമാണ് ലോക്‌സഭ എംപിയുടെ പ്രതികരണം.
'രാജ്യത്തിൻ്റെ രാഷ്ട്രീയത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്, 400-ൽ എത്തുമെന്ന് ഒരു വശത്ത് ബിജെപി പറയുമ്പോൾ മറുവശത്ത് അവർ പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ പ്രവർത്തിക്കുന്നു. ഭരണകക്ഷി (ബിജെപി) ഒരു കമ്മിറ്റി രൂപീകരിച്ചു, ആരാണ് ക്രോസ് വോട്ടിങ് നടത്തുക, ആരാണ് മറ്റ് പാർട്ടികളുടെ എംഎൽഎമാരെ തകർക്കുക എന്നതിൻ്റെ ഉത്തരവാദിത്തം ഈ ആളുകൾക്കാണ്, ഇത് ഇന്ത്യൻ രാഷ്ട്രീയത്തിനോ ഇന്ത്യൻ ജനാധിപത്യത്തിനോ നല്ലതല്ല' - അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനാണ് വിജയിച്ചത്. നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷമുണ്ടായിട്ടും സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടു. ഇരുസ്ഥാനാർഥികൾക്കും തുല്യ വോട്ടായിരുന്നു ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ഹർഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചത്.
68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണ് ഉണ്ടായിരുന്നത്. എന്നാൽ, ബിജെപിക്ക് 25 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിൻ്റെ ആറ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെ്‌തുവെന്നാണ് റിപ്പോർട്ട്.
അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് ക്രോസ് വോട്ടിങ്ങിലൂടെ അടയാളപ്പെടുത്തി, ബിജെപി 10 സീറ്റുകളും കോൺഗ്രസിന് മൂന്ന് സീറ്റുകളും സമാജ്‌വാദി പാർട്ടി രണ്ട് സീറ്റുകളും നേടി. ഉത്തർപ്രദേശിൽ അധിക സീറ്റും ഹിമാചൽ പ്രദേശിൽ ഒരു സീറ്റും നേടിയ ബിജെപിയാണ് പ്രധാന നേട്ടം കൈവരിച്ചത്. ഉത്തർപ്രദേശിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി എട്ട് സീറ്റുകൾ നേടി വിജയിച്ചു. കർണാടകയിൽ കോൺഗ്രസിന് മൂന്ന് സീറ്റ് നേടി വിജയിച്ചു.