ചെന്നൈ: ലോക ചാംപ്യൻ ഡിങ് ലിറന് എതിരാളിയെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ഡി ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്ന് പുലർച്ചെയാണ് കാനഡയിലെ ടൊറോന്‍റൊയിൽ നിന്ന് താരം ചെന്നൈയിലെത്തിയത്. ഇന്ത്യൻ ചെസ് ഫെഡറേഷൻ്റെയും, തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെയും, ഗുകേഷ് പഠിക്കുന്ന സ്‌കൂളിൻ്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന കാൻഡിഡേറ്റ്സ് 2024 അന്താരാഷ്‌ട്ര ചെസ്സ് ടൂർണമെന്‍റിൽ പതിനേഴുകാരനായ ഡി ഗുകേഷ് ചരിതം തിരുത്തിയെഴുതുകയായിരുന്നു. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ഗുകേഷിന് സാധിച്ചു. ഈ വർഷം അവസാനത്തോടെ നിലവിലെ ലോക ചാംപ്യനായ ഡിംഗ് ലിറനെയാണ് ഗുകേഷ് ഇനി നേരിടും.
കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ വിജയിക്കാനായത് വലിയ നേട്ടമാണെന്ന് ഗുകേഷ് മാധ്യമങ്ങളോടെ പ്രതികരിച്ചു. പരമ്പരയുടെ തുടക്കം മുതൽ ഞാൻ മികച്ച നിലയിലായിരുന്നു. ഏഴാം റൗണ്ടിലെ തോൽവി എന്നെ ബാധിച്ചെങ്കിലും സീരീസ് വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ കളിക്കുകയായിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.
വിശ്വനാഥൻ ആനന്ദാണ് തൻ്റെ റോൾ മോഡൽ. അദ്ദേഹം പകർന്ന മാർഗ നിർദേശങ്ങൾക്ക് നന്ദി. ചൈനയുടെ ഡിംഗ് ലിറൻ ലോക ചാംപ്യൻഷിപ്പിലെ ഏറ്റവും ശക്തനായ താരമാണ്. എന്നാലും ലോക ചാംപ്യൻഷിപ്പ് നേടുന്നതിനായി എല്ലാ ശ്രമങ്ങളും താൻ നടത്തും. ലോക ചാംപ്യൻഷിപ്പ് കളിക്കാൻ ഞാൻ വളരെ ആവേശത്തിലാണെന്നും ഗോകേഷ് കൂട്ടിച്ചേർത്തു.