ഹൈദരാബാദ്: തെലങ്കാനയില്‍ ഡിജിപിയുടെ ഫോട്ടോ വാട്‌സ്‌ആപ്പ് പ്രൊഫൈലാക്കി തട്ടിപ്പ് നടത്താന്‍ ശ്രമമെന്ന് പരാതി. ഡിജിപി രവി ഗുപ്‌തയുടെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് ശ്രമം. ഹൈദരാബാദിലെ വ്യവസായിയും മകളുമാണ് പരാതിയുമായെത്തിയത്.
വാട്‌സ്‌ആപ്പിലൂടെ വ്യവസായിയെയും മകളെയും ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വാട്‌സ്‌ആപ്പ് കോളിലൂടെ ബന്ധപ്പെട്ട് വ്യാവസായിയെയും മകളെയും മയക്ക് മരുന്ന് കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കേസില്‍ നിന്നും രക്ഷപ്പെടാന്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ വ്യവസായി പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. പാകിസ്ഥാനിന്‍റെ കോഡായ +92 എന്ന് തുടങ്ങുന്ന നമ്പറിലെ വാട്‌സ്‌ആപ്പില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.