ഹൈദരാബാദ്: ആർക്കിടെക്‌ടായ യുവതിയെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്തു. സൈബരാബാദ് കമ്മീഷണറേറ്റിൽ താമസിക്കുന്ന യുവതിയാണ് സൈബർ തട്ടിപ്പിനിരയായത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയിൽ നിന്നും പണം തട്ടിയത്. എന്നാൽ യുവതിയുടെ പരാതിയിൽ കൃത്യമായി ഇടപെട്ട പൊലീസ് പ്രതി പണം പിൻവലിക്കുന്നത് തടഞ്ഞു.
ഈ മാസം 15നാണ് യുവതിക്ക് അജ്ഞാതനിൽ നിന്ന് ഫോൺകോൾ ലഭിച്ചത്. താൻ മഹാരാഷ്‌ട്ര പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ യുവതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഇതോടെ പരിഭ്രാന്തയായ യുവതി തന്നെ രക്ഷിക്കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടു. പിന്നാലെ സ്‌കൈപ്പിൽ യുവതിയെ വീഡിയോ കോൾ ചെയ്‌ത ഇയാൾ 60 ലക്ഷം രൂപ നൽകിയാൽ രക്ഷിക്കാമെന്ന് വാക്ക് നൽകി. രാത്രി മുതൽ രാവിലെ വരെ തുടർച്ചയായി വീഡിയോ കോൾ ചെയ്‌ത ഇയാൾ രാവിലെ തന്നെ യുവതിയോട് ബാങ്കിലേക്ക് പോകാൻ ആവശ്യപ്പെടുകയും വിവിധ അക്കൗണ്ടുകളിലേക്കായി 60 ലക്ഷം രൂപ നിക്ഷേപിക്കാനും നിർദേശിച്ചു. ഈ സമയമത്രയും പ്രതി വീഡിയോ കോൾ തുടർന്നു.
പണം അയച്ചതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവതി ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. യുവതിയുടെ പരാതിയിൽ വേഗത്തിൽ നടപടിയെടുത്ത സ്റ്റേറ്റ് സൈബർ സെക്യൂരിറ്റി ബ്യൂറോ (ടിഎസ്‌എസ്‌ബി) പൊലീസ് പ്രതി പണം പിൻവലിക്കുന്നത് തടഞ്ഞു. സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെൻ്റ് സിസ്റ്റത്തിൽ (സിഎഫ്എഫ്ആർഎംഎസ്) ഓൺലൈൻ ഇടപാടുകളുടെ വിശദാംശങ്ങൾ അലർട്ട് സിഎസ്ബി ടീം രേഖപ്പെടുത്തി.
കൂടാതെ, എസ്ബിഐ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തതിനാൽ ആ ബാങ്കിൻ്റെ പ്രതിനിധികൾക്കും പൊലീസ് മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ നടപടി പൂർത്തിയായതിനാൽ അതാത് അക്കൗണ്ടുകളിൽ നിന്ന് ആർക്കും പണം പിൻവലിക്കാനായില്ല. സൈബർ കുറ്റവാളികൾ പണം തട്ടിയാലും ഉടൻ പരാതി നൽകിയാൽ നഷ്‌ടമായ പണം തിരികെ ലഭിക്കുമെന്ന് സിഎസ്ബി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
അടുത്തിടെ തെലങ്കാന സൈബര്‍ സുരക്ഷ സംഘത്തിന്‍റെ ഇടപെടലിൽ സൈബര്‍ തട്ടിപ്പുകാര്‍ കൊള്ളയടിച്ച ഒരു കോടിയിലേറെ രൂപ വീണ്ടെടുക്കാനായത് വാർത്തയായിരുന്നു. ഹൈദരാബാദിലെ നചാരമില്‍ നിന്നുള്ള യുവാവിന്‍റെ അക്കൗണ്ടിൽ നിന്നുമായിരുന്നു പണം നഷ്‌ടമായത്. വേഗത്തിൽ പരാതി നൽകിയതിനാൽ യുവാവ് അറിയാതെ തട്ടിപ്പുകാര്‍ അപഹരിച്ച ഒരു കോടി പത്ത് ലക്ഷം രൂപ 25 മിനിറ്റിനുള്ളിൽ തിരികെ അക്കൗണ്ടിലേക്ക് എത്തിക്കാനായി.
അതേസമയം പരാതിയിൽ കൃത്യമായി ഇടപെട്ട എസ്ഐ സിരിഷ, കോൺസ്റ്റബിൾമാരായ റഹ്മാൻ, കൃഷ്‌ണ എന്നിവരെ സിഎസ്‌ബി ഡയറക്‌ടർ ശിഖ ഗോയൽ അഭിനന്ദിച്ചു. പൊലീസോ സർക്കാർ സംഘടനാ പ്രതിനിധികളോ വീഡിയോ കോളോ സ്‌കൈപ്പ് കോളോ ചെയ്‌ത് പണം ആവശ്യപ്പെടില്ലെന്നും അങ്ങനെ ആരെങ്കിലും വിളിച്ചാൽ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്നും അവർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ALSO READ: സൈബര്‍ തട്ടിപ്പുകാര്‍ 1.10 കോടി തട്ടിയെടുത്തു; മിനിട്ടുകൾക്കകം പണം തിരികെ പിടിച്ച് പൊലീസ്