ന്യൂഡൽഹി: അന്താരാഷ്‌ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ പ്രാധാനിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ബിഹാറിലെ ഗയ സ്വദേശി അനുജ് കുമാറാണ് പൊലീസിൻ്റെ പിടിയിലായത്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി തട്ടിപ്പുകള്‍ നടത്തിയയാളാണ് അനുജ് കുമാര്‍. പാകിസ്ഥാൻ, ചൈന, കംബോഡിയ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
ഇയാളിൽ നിന്ന് 5000 വ്യാജ സിം കാർഡുകളും 25 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 223 സജീവ സിം കാർഡുകളും രണ്ട് സിം ആക്റ്റിവേറ്റിങ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ, പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 20 ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചു.
ജോലി നിയമനം വാഗ്‌ദാനം ചെയ്‌ത് 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു പ്രമുഖ കമ്പനിയുടെ ഡയറക്‌ടർ എന്ന വ്യാജേന പ്രതി പണം തട്ടിയെടുത്തതായാണ് പരാതി. വിശദമായ പരിശോധനയില്‍ തട്ടിപ്പ് നടത്തിയ അനുജ് കുമാറാര്‍ പിടിയിലാവുകയായിരുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് അനധികൃതമായി സിം കാര്‍ഡുകള്‍ വിതരണം ചെയ്‌ത കേസിലും ഇയാള്‍ പ്രതിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേപ്പാള്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്കും സമാന രീതിയിലുള്ള തട്ടിപ്പ് നടത്താൻ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും ഇതുവരെ ആയിരത്തിലധികം സിം കാർഡുകൾ വിദേശത്തേക്ക് അയച്ചതായും പൊലീസ് കണ്ടെത്തി. ഇൻസ്‌പെക്‌ടർ രാജ് കുമാർ സിങ്, എസ്ഐ മോഹിത് ചൗധരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.