ഹൈദരാബാദ്: ആധുനിക സമൂഹത്തില്‍ സ്‌മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കിയെങ്കിലും അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളും ഏറെയാണ്. സ്‌മാര്‍ട്ട് ഫോണുകളുടെ ഉപയോഗം അധികരിച്ചതിനൊപ്പം വളരെയധികം വര്‍ധിച്ചുവന്ന കാര്യമാണ് സൈബര്‍ തട്ടിപ്പും.
പലവിധത്തിലാണ് ജനങ്ങളിന്ന് സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത്. ഫോണുകളിലെ മാറ്റങ്ങള്‍ പോലെ തന്നെ തട്ടിപ്പ് രീതികളിലും വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എസ്‌ബിഐ റിവാര്‍ഡുകള്‍ എന്ന പേരില്‍ ലിങ്കുകള്‍ അയച്ചാണ് സൈബര്‍ ലോകത്തെ പുതിയ തട്ടിപ്പ്.
തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയും വീഡിയോഗ്രാഫറുമായ പ്രവീണ്‍ കുമാര്‍ എന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. വീഡിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്നത് കൊണ്ടുതന്നെ ഇയാള്‍ക്ക് നിരവധി സുഹൃത്തുക്കളും പരിചയക്കാരുമാണുള്ളത്. അതുകൊണ്ട് തന്നെ നിരവധി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും പ്രവീണ്‍ അംഗമാണ്.
അടുത്തിടെ, പ്രവീണ്‍ കുമാറിന്‍റെ വാട്‌സ്‌ആപ്പ് നമ്പറില്‍ നിന്നും അദ്ദേഹം അംഗമായിട്ടുള്ള ഗ്രൂപ്പുകളിലേക്ക് 'എസ്‌ബിഐ റിവാര്‍ഡ്' എന്ന പേരില്‍ സന്ദേശം പോയി. സന്ദേശം കണ്ട രണ്ട് സുഹൃത്തുക്കളാണ് പ്രവീണ്‍ കുമാറിനെ വിവരം അറിയിക്കുന്നത്. എന്നാല്‍, ലിങ്കിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്നതുമായിരുന്നു പ്രവീണ്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ മറുപടി.
കൂടാതെ, വാട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശത്തില്‍ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നായിരുന്നു വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു.
അടുത്തിടെ ജൈനൂരിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ലഭിച്ച എസ്‌ബിഐ ലിങ്ക് തുറന്ന കര്‍ഷകന് നഷ്‌ടപ്പെട്ടത് 50,000 രൂപ. എസ്‌ബിഐ റിവാര്‍ഡായി 1000 രൂപയെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്‌തതോടെ കര്‍ഷകന്‍റെ അക്കൗണ്ടില്‍ നിന്നും പണം നഷ്‌ടപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാവ് പൊലീസിലും ബാങ്ക് മാനേജര്‍ക്കും പരാതി നല്‍കി.
നിസാമാബാദ് ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ അടുത്തിടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പരിചയക്കാരുടെ നമ്പറുകളില്‍ നിന്നും സന്ദേശം ലഭിക്കുന്നതുകൊണ്ടുതന്നെയാണ് പലരും കബളിപ്പിക്കപ്പെടുന്നത്. എസ്‌ബിഐയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു റിവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
അതിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. ഉടന്‍ തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂവെന്നായിരിക്കും സന്ദേശം. ഇത്തരത്തില്‍ മെസേജ് ലഭിക്കുമ്പോള്‍ പലരും വേഗത്തില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യും. ഇതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്‌ടപ്പെടും.
ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എസ്ബിഐ ഹെൽപ്പ് ലൈൻ വിശദാംശങ്ങളും അതില്‍ നല്‍കിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ പലരും തട്ടിപ്പാണെന്ന് മനസിലാക്കാതെ പോകും. മാത്രമല്ല ആപ്പ് ഡൗണ്‍ലോഡ് ആകുന്നതോടെ ഇരയുടെ ഫോണിലെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് തട്ടിപ്പിന്‍റെ ഈ ലിങ്കുകള്‍ സെന്‍ഡ് ആവും. തട്ടിപ്പ് ഇത്തരത്തിലുള്ളതായത് കൊണ്ട് വിവിധയാളുകളിലൂടെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.
അന്ധമായി വിശ്വസിക്കരുതെന്ന് പൊലീസ്: സൈബര്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ പുതിയ തരത്തിലാണുണ്ടാകുന്നതെന്ന് ജില്ല പൊലീസ് ഓഫിസര്‍ ജി. ജാനകി ശര്‍മിള. എസ്ബിഐ റിവാർഡ് എന്ന പേരിൽ വരുന്ന സന്ദേശങ്ങളും തട്ടിപ്പുകളാണ്. നമ്മുക്ക് അറിയാവുന്നവരില്‍ നിന്ന് ലഭിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ പോലും ഒരിക്കലും വിശ്വസിക്കരുത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കണം.
പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിനായി സൈബര്‍ വാരിയേഴ്‌സ് എന്ന സംഘം തന്നെയുണ്ട്. ഈ സേവനം എല്ലാവരും ഉപയോഗപ്പെടുത്തണം. സംശയാസ്‌പദമായ സന്ദേശങ്ങളും ലിങ്കുകളും സൂക്ഷിക്കണമെന്നും ജി ശര്‍മിള പറഞ്ഞു.