ശ്രീനഗർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാശ്‌മീരിലെ മത്സര രംഗത്ത് നിന്ന് ഇത്തവണയും വിട്ടുനിന്ന് സിപിഎം. പ്രതിപക്ഷ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാനാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് പാര്‍ട്ടി അറിയിച്ചു. 2004 മുതൽ കാശ്‌മീരില്‍ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചിട്ടില്ല.
എന്നാല്‍ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സജീവമായി രംഗത്തുണ്ട്. പ്രദേശത്തെ, പ്രാതിനിധ്യമില്ലാതെ അഞ്ചാമത്തെ വലിയ കക്ഷിയാണ് സിപിഎം. 1999-ൽ സിപിഎമ്മിന്‍റെ മുഹമ്മദ് യൂസഫ് തരിഗാമി മത്സരിച്ചെങ്കിലും 15,649 (13.6%) വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.
നാഷണൽ കോൺഫറൻസിന്‍റെ അലി മൊഹമ്മദ് നായിക് ആണ് അന്ന് 38,745 (33.6%) വോട്ടുകൾ നേടി പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിഡിപി സ്ഥാപകൻ മുഫ്‌തി മുഹമ്മദ് സയീദ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 25,253 (21.9%) വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തുമെത്തി.
2004-ൽ തരിഗാമി വീണ്ടും മത്സരിച്ചു. എന്നാൽ ഫലം ആവര്‍ത്തിച്ചു. 2004 ല്‍ 18,466 (12.6%) വോട്ടുകളാണ് തരിഗാമി നേടിയത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹബൂബ മുഫ്‌തി 74,436 (50.8%) വോട്ടുകൾ നേടി വിജയിച്ചു.
എൻസിയുടെ ഡോ. മെഹബൂബ് ബേഗ് 35,498 (24.2%) വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തുമെത്തി. എങ്കിലും 1996 മുതൽ 2014 വരെ തരിഗാമി കുൽഗാം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തരിഗാമി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താന്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം അടുത്തിടെയാണ് തരിഗാമി പ്രഖ്യാപിച്ചത്.
പാർട്ടി വോട്ടുകൾ ഭിന്നിക്കില്ലെന്നും തരിഗാമി വ്യക്തമാക്കി. ഭാരതീയ ജനത പാർട്ടിക്കെതിരെ വോട്ടുകള്‍ ഒന്നിപ്പിക്കുമെന്നും തരിഗാമി പറഞ്ഞു.
പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കാനുള്ള കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ആസൂത്രിത നീക്കമായാണിതിനെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ബിജെപി വിരുദ്ധ വോട്ട് ബാങ്ക് ഭിന്നിക്കുന്നത് ഒഴിവാക്കാനും അതുവഴി മറ്റ് പ്രതിപക്ഷ സ്ഥാനാർഥികളുടെ സാധ്യത വർധിപ്പിക്കാനുമാണ് പാർട്ടിയുടെ ലക്ഷ്യം.
ജമ്മു കശ്‌മീരിൽ ഏപ്രിൽ 19 ന് ആണ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം. നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), ഭാരതീയ ജനതാ പാർട്ടി (ബിജെപി) എന്നിവയാണ് കാശ്‌മീരില്‍ മത്സര രംഗത്തുള്ള പ്രധാന പാര്‍ട്ടികള്‍.