ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളായ യുഎപിഎ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അടക്കമുള്ളവ എടുത്ത് കളയുമെന്ന വാഗ്‌ദാനവുമായി സിപിഎം പ്രകടന പത്രിക. ഇത്തരം കിരാത നിയമങ്ങള്‍ പ്രതിപക്ഷ കക്ഷികളെ വേട്ടയാടാന്‍ ഭരണകക്ഷി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.
ഇന്ധനവില കുറയ്ക്കുമെന്നും, ജാതി സെന്‍സസ് നടപ്പാക്കുമെന്നും സിപിഎം വാഗ്‌ദാനം ചെയ്‌തു. വിദ്വേഷ പ്രസംഗത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിയമം പാസാക്കും. പൗരത്വ നിയമ ഭേദഗതി എടുത്ത് കളയുമെന്നും സിപിഎം പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കുന്നു.
അതിസമ്പന്നര്‍ക്ക് മേല്‍ കര്‍ശന നികുതി ഏര്‍പ്പെടുത്തും. പൊതു സ്വത്തിനും പരമ്പരാഗതമായി ആര്‍ജ്ജിച്ച സ്വത്തിനും നികുതി ചുമത്താന്‍ പുതിയ നിയമം കൊണ്ടുവരും. തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. നഗര തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന് കേവലം പതിനാല് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പ്രകടന പത്രിക പുറത്ത് ഇറക്കിയിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഈ മാസം 19ന് നടക്കും. അവസാന ഘട്ടം ജൂണ്‍ ഒന്നിനാണ്. ജൂണ്‍ നാലിന് ഫലമറിയാം.