ന്യൂഡൽഹി : പൗരത്വ ഭേദഗതിക്ക് (സിഎഎ) കീഴിലുള്ള നിയമങ്ങളുടെ വിജ്ഞാപനത്തെ ചൊവ്വാഴ്‌ച (12-03-2024) സിപിഐ (എം) പൊളിറ്റ് ബ്യൂറോ എതിർത്തു (CPI(M) Opposes CAA) . പൗരത്വത്തെ മതപരമായ സ്വത്വവുമായി ബന്ധിപ്പിച്ച് ഭരണഘടനയുടെ മതേതര തത്വത്തെ ലംഘിക്കുന്നുവെന്നും സിപിഐ (എം) പൊളിറ്റ് ബ്യൂറോ ആരോപിച്ചു.
നിയമങ്ങൾ നടപ്പാക്കുന്നത് ദേശീയ പൗരത്വ രജിസ്‌റ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മുസ്ലീം വംശജരായ പൗരന്മാരെ ഇത് ലക്ഷ്യമിടുന്നുവെന്നുമുള്ള ആശങ്ക ഉയർത്തിയതായും പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു.
"പൗരത്വ ഭേദഗതി നിയമ (CAA)വിജ്ഞാപനത്തെ സിപിഐ (എം) ന്‍റെ പൊളിറ്റ് ബ്യൂറോ ശക്തമായി എതിർക്കുന്നു. പൗരത്വത്തെ മതപരമായ സ്വത്വവുമായി ബന്ധിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വത്തിന്‍റെ മതേതര തത്വത്തെ സിഎഎ ലംഘിക്കുന്നു," എന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്.
നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്‌ത നിയമങ്ങൾ അയൽ രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലീംങ്ങളോടുള്ള വിവേചനപരമായ സമീപനം പ്രവർത്തനക്ഷമമാക്കുന്നു. ഈ നിയമം നടപ്പിലാക്കുന്നത് മുസ്ലീം വംശജരായ പൗരന്മാരെ ലക്ഷ്യമിട്ടാണ് എന്നുള്ള ആശങ്ക ഉയർത്തുന്നുണ്ട് എന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേർത്തു.
തങ്ങളുടെ സംസ്ഥാനത്ത് പൗരത്വത്തിനായി ആളുകളെ കണ്ടെത്തി എൻറോൾ ചെയ്യുന്ന പ്രക്രിയയിൽ നിന്ന് സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുന്നതിനാണ് നിയമങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പാർട്ടി പറഞ്ഞു. സിഎഎയെ തന്നെ എതിർത്ത സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുന്നതിനാണ് ഇത് ചെയ്‌തത്, എന്നും പ്രസ്‌താവനയില്‍ പറയുന്നു.
വിജ്ഞാപനം പുറപ്പെടുവിച്ച സമയത്തെയും സിപിഐഎം ചോദ്യം ചെയ്‌തു. "സിഎഎ അംഗീകരിച്ച് നാല് വർഷത്തിലേറെയായി, എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനുള്ള ദിവസങ്ങൾക്ക് മുമ്പാണ് സിഎഎ നടപ്പാക്കുന്നത്, ഇത് വിഭജനത്തിനും ധ്രുവീകരണത്തിനും ഉപയോഗിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാക്കുന്നു എന്നും സിപിഐഎം പറഞ്ഞു.
ഈ വിനാശകരമായ നിയമം അസാധുവാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന് വിവാദമായ പൗരത്വ (ഭേദഗതി) നിയമം 2019 ല്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
സിഎഎ നിയമങ്ങൾ വിജ്ഞാപനം ചെയ്യുന്നതോടെ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലീം കുടിയേറ്റക്കാർക്ക് മോദി സർക്കാർ ഇപ്പോൾ ഇന്ത്യൻ പൗരത്വം നൽകാൻ തുടങ്ങും.
2019 ഡിസംബറിൽ സിഎഎ പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്‌തെങ്കിലും ഇതിനെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു. ഇതുവരെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നിയമം പ്രാബല്യത്തിൽ വരാൻ കഴിഞ്ഞില്ല.
ALSO READ : പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി