ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയ്‌ക്ക് മാർച്ച് 19 ന് ചേരുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (പ്രവര്‍ത്ത സമിതി) യോഗത്തിൽ അന്തിമ രൂപമാകും. പാർട്ടിയുടെ ശേഷിക്കുന്ന സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാന്‍ മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) മാർച്ച് 19 മുതൽ 20 വരെ യോഗം ചേരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. 39 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയും 43 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടികയുമാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.
നീതിക്ക് വേണ്ടിയുള്ള അഞ്ച് ഗ്യാരണ്ടികള്‍ ഉള്‍പ്പെട്ട കരട് പ്രകടന പത്രികയ്ക്ക് 19 ന് ചേരുന്ന യോഗം അനുമതി നൽകുമെന്ന് ജയ്‌റാം രമേഷ് പറഞ്ഞു. 'ഭാഗിദാരി ന്യായ്', 'കിസാൻ ന്യായ്', 'നാരി ന്യായ്', 'ശ്രമിക് ന്യായ്', 'യുവ ന്യായ്' എന്നീ അഞ്ച് ന്യായ്‌കള്‍ക്ക് (നീതി) വേണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവ കോൺഗ്രസ് പാർട്ടിയുടെ ഉറപ്പുകളാണെന്നും ഒരു വ്യക്തിയുടെതല്ല എന്നും മോദിയുടെ പേര് പരാമര്‍ശിക്കാതെ പരിഹാസ രൂപത്തില്‍ ജയ്‌റാം രമേഷ് പറഞ്ഞു.