ന്യൂഡൽഹി: 2025ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ എഎപിയെ നേരിടാൻ നവംബർ എട്ടിന് ദേശീയ തലസ്ഥാനത്തുടനീളം യാത്ര നടത്തുമെന്ന് കോൺഗ്രസ്. ഡൽഹിയിൽ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യം വയ്‌ക്കുന്നത്. മഹാത്മാഗാന്ധിയുടെ സ്‌മാരകമായ രാജ് ഘട്ടിൽ നിന്നാകും രാഹുൽ ഗാന്ധി യാത്ര ആരംഭിക്കുകയെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു മാസം നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി 70 നിയമസഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. മാത്രമല്ല 2013 കാലഘട്ടത്തിന് മുമ്പ് ഉണ്ടായിരുന്ന വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കുക കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കഴിഞ്ഞ മാസങ്ങളിൽ ഡൽഹിയിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ പാര്‍ട്ടി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൻ അഴിമതിയാണ് എഎപി സർക്കാരിന്‍റെ കാലത്ത് നടന്നതെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു. "ഒട്ടും വൃത്തിയില്ലാത്ത അഴുക്കുചാലുകൾ, യമുന നദിയിലെ മാലിന്യം, സ്ഥിരമായ കുടിവെള്ള വിതരണം പ്രശ്‌നം, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൽഹിയിലെ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. ഡൽഹിയിലെ ജനങ്ങൾ കോൺഗ്രസിന്‍റെ മുൻ സർക്കാരിനെയാണ് ഇപ്പോൾ ഓർക്കുന്നത്. അതിനാൽ തന്നെ 2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവര്‍ ഡൽഹിയിൽ പാര്‍ട്ടിയെ ഭരണത്തിലേക്ക് തിരികെ എത്തിക്കും"- ദേവേന്ദർ യാദവ് പറഞ്ഞു.
'യമുന നദി വൃത്തിയാക്കാൻ എഎപി സമയപരിധി നീട്ടിക്കൊണ്ടിരുന്നു, എന്നിട്ടും അവർ ഒന്നും ചെയ്‌തില്ല. നേരത്തെ, നവംബറിൽ ഡൽഹിയിൽ മലിനീകരണം വർധിച്ചതിന് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ വൈക്കോൽ കത്തിച്ചതാണ് കാരണമെന്ന് അവർ ആരോപിച്ചിരുന്നു. പഞ്ചാബിൽ അധികാരത്തിലെത്തിയ ശേഷം ഹരിയാനയിലെയും ഉത്തർപ്രദേശിലെയും കർഷകരെ അവർ കുറ്റപ്പെടുത്താൻ തുടങ്ങി. മാത്രമല്ല മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപിയുടെ നിയന്ത്രണമുള്ളതിനാൽ ഡൽഹി വൃത്തിയാക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞിരുന്നു. നഗരം ഇപ്പോഴും വൃത്തിയല്ല. ആരാണ് അതിന് ഉത്തരവാദി?' അദ്ദേഹം ചോദിച്ചു.
അതേസമയം മദ്യനയ അഴിമതി കേസിലെ തന്‍റെ അറസ്‌റ്റിനെതിരെ പരസ്യമായി സാധൂകരണം തേടിക്കൊണ്ട് ബിജെപിയെ നേരിടാമെന്ന് പ്രതീക്ഷിക്കുന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ 'ജനതാ കി അദാലത്ത്' ഡ്രൈവിന് എതിരായാണ് കോൺഗ്രസിന്‍റെ യാത്ര. ജാമ്യം നേടി വിശ്വസ്‌തയായ അതിഷിയെ മുഖ്യമന്ത്രിയാക്കുകയും രാജിവക്കുകയും ചെയ്‌ത കെജ്‌രിവാളിൻ്റെ സമീപകാല നീക്കത്തെ 'നാടകം' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, രണ്ട് എതിരാളികളെയും നേരിടാൻ പദ്ധതിയിടുന്നുവെന്നും അറിയിച്ചു.
'എഎപിയും ബിജെപിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ അവർ പരസ്‌പരം ലക്ഷ്യമിടുന്നു. ഞങ്ങൾ അവ രണ്ടും തുറന്നുകാട്ടും'- ദേവേന്ദർ യാദവ് പറഞ്ഞു.
നേരത്തെ രാഹുൽ ഗാന്ധി രാജ്യവ്യാപകമായി നടത്തിയ യാത്രകൾ ജനങ്ങളുമായുള്ള ബന്ധംപുനരുജ്ജീവിപ്പിക്കാൻ പാർട്ടിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യാത്രാ സംഘങ്ങള്‍ പകൽ നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും. അവർ രാത്രിയിൽ ആ പ്രദേശത്തെ ടെൻ്റുകളിൽ തങ്ങും. അതേസമയം മുതിർന്ന നേതാക്കളെല്ലാം യാത്രയിൽ പങ്കെടുക്കുമെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചു.
Also Read: തെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്; റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും