ന്യൂഡൽഹി : കർഷക സമരവുമായി ബന്ധപ്പെട്ട് ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്തിയ കർഷകർ കൊലപാതകികളും പീഡകരുമാണ് എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെയും ചൈനയുടെയും പിന്തുണ ഉണ്ടെന്നും കങ്കണ ആരോപിച്ചിരുന്നു.
എന്തുകൊണ്ടാണ് ബിജെപി കർഷകരെ ഇത്രയധികം വെറുക്കുന്നതെന്ന് എഐസിസി ഭാരവാഹി രൺദീപ് സുർജേവാല ചോദിച്ചു. ബിജെപി എല്ലായ്‌പ്പോഴും കർഷകർക്കെതിരെ ഗൂഢാലോചന നടത്തുകയും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കങ്കണ ഈ വിലകുറഞ്ഞ വാക്കുകള്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആണോ പറയുന്നത്, അതോ മറ്റാരെങ്കിലും എഴുതിയ തിരക്കഥ അവര്‍ വായിക്കുകയാണോ എന്നും സുര്‍ജേവാല ചോദിച്ചു.
പ്രധാനമന്ത്രി മോദിയും ഹരിയാന മുഖ്യമന്ത്രിയും അവരുടെ എംപിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചതെന്തുകൊണ്ടാണ്? അവർ ഹരിയാനയിലെ തെരഞ്ഞെടുപ്പ് തോൽവികൾ മനസിലാക്കിയെന്നും ഹരിയാനയിലെ മുൻ മന്ത്രിയും സിറ്റിങ് രാജ്യസഭ എംപിയുമായ രൺദീപ് സുർജേവാല ഇടിവി ഭാരതിനോട് പറഞ്ഞു. 'യുഎസും ചൈനയും രാജ്യത്ത് അസ്ഥിരത സൃഷ്‌ടിക്കുകയാണെന്ന് അവർ ആരോപിക്കുന്നു. അത് ശരിയാണെങ്കിൽ ശക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി സർക്കാർ എന്താണ് ചെയ്യുന്നത്?'- അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ മുൻകാല കർഷക വിരുദ്ധ നിലപാട് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ ചൊടിപ്പിച്ചെന്നും അവര്‍ പാർട്ടിയെ ഒരു പാഠം പഠിപ്പിക്കുമെന്നും മുൻ ഹരിയാന മുഖ്യമന്ത്രി ബിഎസ് ഹൂഡ പ്രതികരിച്ചു. കർഷകർ മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ബിജെപി സർക്കാരില്‍ രോഷാകുലരാണെന്നും ഹൂഡ ഇടിവി ഭാരതിനോട് പറഞ്ഞു.
ഹരിയാന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബിജെപി ഭയക്കുന്നുണ്ടെന്ന് സുർജേവാലയും ഹൂഡയും വ്യക്തമാക്കി. കങ്കണ റണാവത്തിന്‍റെ പരാമർശങ്ങളോടുള്ള പാർട്ടിയുടെ മൗനവും തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നടത്തുന്ന അഭ്യര്‍ഥനയും ഇതാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
'യഥാർത്ഥത്തിൽ, പരാജയം മനസ്സിലാക്കിയ ബിജെപി പകരക്കാരെ തിരയുകയാണ്. തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നത് അവരുടെ ആത്മവിശ്വാസമില്ലായ്‌മയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ പല സൂചകങ്ങളിലും പിന്നിലാക്കിയ ഈ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ഹരിയാനയിലെ ജനങ്ങള്‍ വൻതോതിൽ രംഗത്തിറങ്ങും'- സുർജേവാല പറഞ്ഞു.
'സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതിന് ശേഷം കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നെൽകൃഷിക്ക് നല്ല വില കിട്ടാൻ വേണ്ടി പലപ്പോഴും സമരം ചെയ്യേണ്ടി വന്നു. കേന്ദ്രത്തിന്‍റെ അവഗണനയും കയറ്റുമതി വിരുദ്ധ നയങ്ങളും മൂലം കർഷകർക്ക് നെൽകൃഷിക്ക് മാന്യമായ വില ലഭിക്കുന്നില്ല. ഡീസൽ വില വർധിച്ചതോടെ കർഷകരുടെ ഉത്പാദനച്ചെലവ് വർധിച്ചു. അവര്‍ ഇപ്പോൾ കടക്കെണിയിലാണ്. അവർക്ക് പോകാൻ ഒരിടവുമില്ല.'- ഹൂഡ പറഞ്ഞു.
അതേസമയം കങ്കണയുടെ പരാമർശത്തെ ബിജെപി നേതൃത്വം തള്ളി. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കങ്കണയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി അറിയിച്ചു. കർഷക സമരത്തില്‍ ബി.ജെ.പി എം.പി കങ്കണ റണാവത്ത് നടത്തിയ പ്രസ്‌താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും പ്രസ്‌താവനയിൽ ബിജെപി വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്നുമാണ് ബി.ജെ.പി പ്രസ്‌താവനയിൽ പറഞ്ഞത്.
Also Read : 'കര്‍ഷക സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നു'; അവഹേളിച്ച് കങ്കണ റണാവത്, വ്യാപക പ്രതിഷേധം