ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 46 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ നിന്നും കോൺഗ്രസിനായി ഉത്തർപ്രദേശിലെ പാർട്ടി അധ്യക്ഷൻ അജയ് റായി മത്സരിക്കും.
ഇത് മൂന്നാം തവണയാണ് റായ് മോദിയ്‌ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. അമേഠി, റായ്ബറേലി എന്നീ ലോക്‌സഭ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആശക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ വൈകുന്നതെന്നാണ് വിവരം.
അതേസമയം, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉത്തർപ്രദേശിൽ നിന്നും മത്സരിക്കാൻ താത്പര്യകുറവ് പ്രകടിപ്പിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. എന്നാൽ തെരഞ്ഞടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്. അമേഠിയിൽ നിന്നും മത്സരിക്കാനില്ലെന്നാണ് രാഹുലിന്‍റെ നിലപാട്.
ഈ അടുത്തിടെ പാർട്ടിയിൽ തിരിച്ചെത്തിയ ചൗദരി ലാൽ സിങ് ഉദ്ദംപൂർ സീറ്റിലും ബിഎസ്‌പിയിൽ നിന്നും കോൺഗ്രസിലെത്തിയ ഡാനിഷ് അലി അരോഹയിലും മത്സരിക്കും. തമിഴ്‌നാട്ടിൽ നിന്നും നിലവിലെ എംപിമാരായ എം കെ വിഷ്‌ണു പ്രസാദ്, കാർത്തി, ചിദംബരം, മാണിക്യം ടാഗോർ, വിജയ് വാസന്ത്, എസ് ജ്യോതിമണി തുടങ്ങിയവർ വീണ്ടും കോൺഗ്രസിനെ പ്രതിനിധീകരിക്കും.
കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ സംവരണ സീറ്റായ തിരുവള്ളൂർ മണ്ഡലത്തിൽ നിന്നും വോട്ട് തേടും.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്വിജയ് സിങ്ങ് മധ്യപ്രദേശിലെ രാജ്‌ഗഡില്‍ നിന്ന് മത്സരിക്കും. അസം, അന്തമാന്‍, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, മിസോറം, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ തുടങ്ങീ 12 സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്.