ബെംഗളൂരു: ലൈംഗികാരോപണം നേരിടുന്ന ഹാസൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ കോൺഗ്രസ് പ്രതിഷേധം. ഹുബ്ബള്ളി, ഹാസൻ, ബെംഗളൂരു എന്നിവിടങ്ങളിൽ സ്‌ത്രീകളോടൊപ്പം കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബെംഗളൂരുവിൽ അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബയുടെ നേതൃത്വത്തിലാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് പുറത്ത് പ്രതിഷേധം നടന്നത്.
നൂറുകണക്കിന് സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് ലാംബ പറഞ്ഞു. 'കഴിഞ്ഞ കുറച്ച് വർഷങ്ങളായി എംപി പ്രജ്വല്‍ രേവണ്ണ നൂറുകണക്കിന് സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന 3,000-ത്തിലധികം വീഡിയോകളാണ് പുറത്ത് വന്നത്. കന്നഡക്കാരുടെയും മൊത്തം ഇന്ത്യക്കാരുടെയും മനസാക്ഷിയെ ഉലയ്‌ക്കുന്നതാണ്,'-അൽക്ക ലാംബ പറഞ്ഞു.
രേവണ്ണ സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ നിരവധി വീഡിയോകൾ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സർക്കാർ രൂപീകരിച്ചിരുന്നു. രേവണ്ണ നൂറുകണക്കിന് സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തു എന്ന് കാട്ടി വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്‌മി ചൗധരി സർക്കാരിന് കത്ത് നല്‍കിയതിന് പിന്നാലെയാണ് കർണാടക സർക്കാർ എസ്ഐടി അന്വേഷണം ആരംഭിച്ചത്. അഡീഷണൽ ഡയറക്‌ടര്‍ ജനറലിന്‍റെ നേതൃത്വത്തിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്.
ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടന്ന ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാണ് പ്രജ്വല്‍. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജെഡി(എസ്) എൻഡിഎയിൽ ചേരുന്നത്. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രജ്വല്‍ രാജ്യം വിട്ടതായാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.