ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചുള്ള ഐടി വകുപ്പിന്‍റെ നടപടി പിന്‍വലിച്ചു. നിലവില്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ടെന്ന് പാര്‍ട്ടി നേതാവായ വിവേക് തൻഖ വ്യക്തമാക്കി. ഐടി വകുപ്പിന്‍റെ നടപടിക്കെതിരെ പാര്‍ട്ടി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.
വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും വിഷയം അടുത്ത ബുധനാഴ്‌ച വീണ്ടും പരിഗണിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഐടി നടപടിക്കെതിരെ വിവേക് തന്‍ഖയാണ് ട്രൈബ്യൂണലില്‍ ഹാജരായത്. അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് തന്‍ഖ ട്രൈബ്യൂണലില്‍ പറഞ്ഞു (Congress Account Freeze).
ആദായ നികുതി വകുപ്പ് നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവും ട്രഷററുമായ അജയ് മാക്കന്‍ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ ജുഡീഷ്യറിക്ക് മുമ്പാകെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് (ഫെബ്രുവരി 16) രാവിലെയാണ് ഐടി വകുപ്പ് കോണ്‍ഗ്രസിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത് (Income Tax Authorities Freeze Congress Bank Account).
അജയ് മാക്കനാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. 2018-2019 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദായ നികുതി വകുപ്പിന്‍റെ നടപടി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള ഐടി വകുപ്പിന്‍റെ നടപടി ജനാധിപത്യത്തെ മരവിപ്പിക്കുമെന്നും അജയ് മാക്കന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു (Congress Leader Ajay Maken).
യൂത്ത് കോണ്‍ഗ്രസിന്‍റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും 210 കോടി രൂപ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഐടി വകുപ്പ്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്നതെന്നും അജയ് മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ: കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചുള്ള ഐടി നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അധികാര ദാഹിയായ മോദി സര്‍ക്കാര്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരെയുള്ള കടന്നാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന വിരുദ്ധമായി ബിജെപിയുടെ പക്കല്‍ സൂക്ഷിച്ച പണം അവര്‍ക്ക് തെരഞ്ഞെടുപ്പിന് വിനിയോഗിക്കാം. എന്നാല്‍ ക്രൗണ്ട് ഫണ്ടിങ്ങിലൂടെ കോണ്‍ഗ്രസ് ശേഖരിച്ച പണം വിനിയോഗിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്യുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കണമെന്നും അദ്ദേഹം ജുഡീഷ്യറിയോട് ആവശ്യപ്പെട്ടു.