ശ്രീനഗർ : ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട നാമനിർദേശ പത്രിക പുറത്തിറക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിനായുള്ള ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഇന്ന് (ഓഗസ്‌റ്റ് 26) നാഷണൽ കോൺഫറൻസുമായി (എൻസി) നിർണായക യോഗം ചേരും.
സൽമാൻ ഖുർഷിദും കെസി വേണുഗോപാലും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രാദേശിക നേതാക്കളും ജെകെഎൻസിയുടെ ഫാറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള, നാസിർ അസ്‌ലം വാനി, ഷാമി ഒബ്‌റോയ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശ്രീനഗർ ഗുപ്‌കറിലെ അബ്‌ദുള്ളയുടെ വസതിയിൽ വച്ചാകും കൂടിക്കാഴ്‌ചയെന്ന് പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന കരാർ ഉറപ്പിക്കുന്നതിനാണ് ചർച്ച നടത്തുന്നത്.
കേന്ദ്രഭരണ പ്രദേശത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്‌ചയാണ് എന്നതിനാൽ നിർണായക നിമിഷത്തിലാണ് യോഗം ചേരുന്നത്. എതിരാളികളായ രാഷ്‌ട്രീയ ശക്തികൾക്കെതിരെയുള്ള സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇരുപാർട്ടികളും സമവായത്തിലെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഒരു നേതാവ് പറഞ്ഞു. അതേസമയം പ്രധാന മണ്ഡലങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായും സൂചനയുണ്ട്. സമയം കഴിയുന്നതിന് മുമ്പായി സ്ഥാനാർഥി പട്ടികയ്‌ക്ക് അന്തിമരൂപം നൽകാനുള്ള സമ്മർദത്തിലാണ് ഇരുപക്ഷവും.
മുതിർന്ന കോൺഗ്രസ് നേതാക്കൾ ഞങ്ങളുടെ നേതൃത്വത്തെ കാണാൻ വരുന്നു. എന്താണ് സ്ഥാനാർഥി നിർണയത്തിലെ തീരുമാനമെന്ന് ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും എന്ന് യോഗത്തെ കുറിച്ച് നാഷണൽ കോൺഫറൻസ് നേതാവ് നസീർ അസ്‌ലം പറഞ്ഞു. 2019 ഓഗസ്‌റ്റ് 5 ന് കേന്ദ്രത്തിലെ ബിജെപി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിനായി എൻസിയും കോൺഗ്രസും ഓഗസ്‌റ്റ് 22 ന് സഖ്യം രൂപീകരിച്ചിരുന്നു.