ന്യൂഡൽഹി : ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും സ്ഥാനാര്‍ഥി സാധ്യത പട്ടിക പരിശോധിക്കാൻ കോൺഗ്രസ് തീരുമാനം. ഹരിയാനയില്‍ സർക്കാർ രൂപീകരിക്കാന്‍ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും 90ൽ 37 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ബിജെപിയെക്കാള്‍ ഒമ്പത് സീറ്റ് കുറവാണിത്.
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ തന്‍റെ ക്യാമ്പിലെ 25 സിറ്റിങ് എംഎൽഎമാർക്കും സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു. മുതിര്‍ന്ന കോൺഗ്രസ് നേതാവ് കുമാരി സെൽജയുടെ ക്യാമ്പിലെ നാല് സിറ്റിങ് എംഎൽഎമാർക്കും സീറ്റ് നൽകിയിരുന്നു. എന്നാല്‍ ഇവരില്‍ 16 സിറ്റിങ് എംഎൽഎമാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജമ്മു കാശ്‌മീരില്‍ ഇന്ത്യൻ ബ്ലോക്കിന്‍റെ ഭാഗമായി കോൺഗ്രസിന് 32 സീറ്റുകള്‍ നേടാനായെങ്കിലും ബിജെപി പ്രധാന എതിരാളിയായ ജമ്മു മേഖലയില്‍ ആറ് സീറ്റുകൾ മാത്രമേ കോൺഗ്രസിന് നേടാനായുള്ളൂ.
രണ്ടിടത്തും സ്വതന്ത്രരായി മത്സരിച്ച വിമതർ കോൺഗ്രസിന് തിരിച്ചടിയായി. ജമ്മുവിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രണ്ട് സംസ്ഥാനങ്ങളിലും സമൂഹത്തിന്‍റെ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
വിജയസാധ്യത, വിശ്വസ്‌തത, ജാതി സമവാക്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കുക എന്ന് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി സെക്രട്ടറി ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു. മികച്ച സ്ഥാനാര്‍ഥികള്‍ക്കൊപ്പം സിറ്റിങ് എംഎൽഎമാരുടെ പ്രകടന റിപ്പോര്‍ട്ടും ഹൈക്കമാൻഡിന് മുമ്പാകെ സമർപ്പിക്കും. സിറ്റിങ് എംഎൽഎയെ മത്സരിപ്പിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ആയിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാരാഷ്‌ട്രയില്‍ മഹാ വികാസ് അഘാഡി ശക്തമായതിനാല്‍ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തല്‍. എംവിഎയുടെ ഭാഗമായി പടിഞ്ഞാറൻ സംസ്ഥാനത്തെ 288 സീറ്റുകളിൽ 100ല്‍ അധികം സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുന്നതിനാല്‍ ജാർഖണ്ഡിലെ കോൺഗ്രസ് സ്ഥാനാര്‍ഥികളുടെ ഷോർട്ട്‌ലിസ്റ്റിങ്ങും ഉടൻ ആരംഭിക്കും.