ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പതിനാറ് സ്ഥാനാര്‍ത്ഥികളുടെ കൂടി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് പട്ടിക പ്രഖ്യാപിച്ചത്.
ഷിംല റൂറല്‍ സീറ്റില്‍ നിലവിലെ എംപി വിക്രമാദിത്യ സിങ് ബിജെപി നേതാവും ചലച്ചിത്ര താരവുമായ കങ്കണ റണൗത്തിനെ മാണ്ടിയില്‍ നേരിടും. ഹിമാചലില്‍ ആറ് തവണ മുഖ്യമന്ത്രിയായ അന്തരിച്ച വീരഭദ്ര സിങിന്‍റെ മകനാണ് ഇദ്ദേഹം.വിക്രമാദിത്യ സിങിന്‍റെ അമ്മ പ്രതിഭ സിങാണ് നിലവില്‍ ഈ മണ്ഡലത്തിലെ എംപി. 2021ലെ ഉപതെരഞ്ഞെടുപ്പിലാണ് പ്രതിഭ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. വിനോദ് സുല്‍ത്താന്‍പുരിയെ ഷിംലയില്‍ പാര്‍ട്ടി ഇറക്കും.
ഹിമാചല്‍ പ്രദേശിലെ രണ്ട് സ്ഥാനാര്‍ത്ഥികളും ഒഡിഷയില്‍ നിന്നുള്ള ഒന്‍പതുപേരും ഗുജറാത്തിലെ നാല് സ്ഥാനാര്‍ത്ഥികളും ചണ്ഡിഗഡിലെ ഏക ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയും അടങ്ങുന്ന പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്ത് വിട്ടത്.
ചണ്ഡിഗഡില്‍ നിന്ന് പഞ്ചാബിലെ അനന്തപൂര്‍ സാഹിബിലെ സിറ്റിങ് എംപി മനീഷ് തിവാരിയാണ് ജനവിധി തേടുന്നത്. ബിജെപിയുടെ സഞ്ജീവ് ടണ്ടനെതിരെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ തിവാരിയുടെ പോരാട്ടം.
Also Read: 'മോദി, സർക്കാരിനെ നയിക്കുന്നത് ചില വ്യവസായികൾക്ക് വേണ്ടി'; രാഹുൽ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.