അഹമ്മദാബാദ്: പ്രധാനന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവും പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ മേധാവിയുമായ സുപ്രിയ ശ്രീനേറ്റ്. 2019-ലെ തിരക്കഥ തന്നെയാണ് മോദി 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും വായിക്കുന്നതെന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. മുസ്ലിങ്ങൾക്കുള്ള ക്വാട്ടയുടെ കാര്യത്തിൽ മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുപ്രിയ ശ്രീനേറ്റ് ചൂണ്ടിക്കാട്ടി.
പ്രീണന രാഷ്‌ട്രീയത്തിന്‍റെ ഭാഗമായി എസ്‌സി, എസ്‌ടി , ഒബിസി വിഭാഗങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്‌ലീങ്ങള്‍ക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നാണ് ബിജെപി പറയുന്നത്. ഗുജറാത്തിലെയും മധ്യപ്രദേശിലെയും ബിജെപി സർക്കാരുകൾ മുസ്ലിങ്ങളെ ഒബിസി വിഭാഗത്തില്‍ പെടുത്തി സംവരണം നൽകിയിട്ടുണ്ടെന്ന് 2022 ലെ ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞതായി സുപ്രിയ അവകാശപ്പെട്ടു.
ബീഫ് കയറ്റുമതിക്കാരിൽ നിന്ന് ഇലക്‌ടറല്‍ ബോണ്ട് പദ്ധതിയിലൂടെ പണം കൈപ്പറ്റിയ ബിജെപിക്ക് ഹിന്ദു ധർമ്മത്തെ കുറിച്ചോ പശുവിനെക്കുറിച്ചോ സംസാരിക്കാന്‍ അര്‍ഹത ഇല്ലെന്നും സുപ്രിയ ശ്രീനേറ്റ് ചൂണ്ടിക്കാട്ടി. ബിജെപിയുടെ 'ഇന്ത്യ ഷൈനിങ്' എന്ന പ്രചാരണം പരാജയപ്പെടുകയും അടൽ ബിഹാരി വാജ്‌പേയി അധികാരത്തിൽ നിന്ന് പുറത്താകുകയും ചെയ്‌ത 2004-ന്‍റെ ആവർത്തനമായിരിക്കും 2024 തെരഞ്ഞെടുപ്പെന്നും അവർ പറഞ്ഞു.
'കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ മുസ്‌ലിങ്ങൾക്ക് സംവരണം നൽകുന്നതിനെ കുറിച്ച് മോദി കള്ളം പ്രചരിപ്പിക്കുകയാണ്. 1974-ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സംവരണം നൽകിയത്. ഇന്ന് ദേവഗൗഡയുടെ പാർട്ടിയായ ജെഡി(എസ്) ബിജെപിയുടെ സഖ്യ കക്ഷിയാണ്. ഈ സംവരണം കോൺഗ്രസ് സർക്കാർ നടപ്പാക്കിയിട്ടില്ല.
പ്രജ്വൽ രേവണ്ണയ്‌ക്ക് വേണ്ടി വോട്ട് തേടിയതിനും മോദിയെ സുപ്രിയ വിമര്‍ശിച്ചു. ജെഡി(എസ്) നേതാവ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ബലാത്സംഗവും മറ്റ് ആരോപണങ്ങളും നിലനില്‍ക്കുമ്പോഴാണ് മോദി മൈസൂരുവിൽ രേവണ്ണയ്ക്ക് വേണ്ടി വോട്ട് തേടിയതെന്ന് സുപ്രിയ പറഞ്ഞു. മുസ്‌ലിങ്ങളെ കുറിച്ച് പറയുന്നതിന് പകരം, മഹിള (സ്‌ത്രീകൾ), മെഹൻഗായ് (വിലക്കയറ്റം), മണിപ്പൂർ അക്രമം എന്നീ മൂന്ന് 'M'-കളെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നും സുപ്രിയ പറഞ്ഞു.
ജനങ്ങൾ നിശബ്‌ദരാണെങ്കിലും 400 ലോക്‌സഭ സീറ്റുകൾ നേടിയ ശേഷം ഭരണഘടന മാറ്റുമെന്നും സംവരണം അവസാനിപ്പിക്കുമെന്നും അറിയാവുന്നതിനാൽ അവർ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് ശ്രീനേറ്റ് ചൂണ്ടിക്കാട്ടി. സ്വന്തം പ്രതിച്‌ഛായ കെട്ടിപ്പടുക്കാൻ മോദി 6,500 കോടി രൂപ ചെലവഴിച്ചുവെന്നും ശ്രീനേറ്റ് ആരോപിച്ചു.