റായ്‌പൂർ (ഛത്തീസ്‌ഗഡ്): മെയ് 7-ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം നടക്കാനിരിക്കേ കോൺഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ രാധിക ഖേര കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. അയോധ്യ രാമ ക്ഷേത്രം സന്ദര്‍ശിച്ചതിന് തന്നെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് രാധികയുടെ രാജി. അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം ദർശിക്കാൻ പോയതിന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മോശമായി വിമർശനം ഉണ്ടായതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ ഖേര പറഞ്ഞു.
'ഓരോ ഹിന്ദുവിന്‍റെയും മനസില്‍ ഭഗവാൻ രാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എന്നാൽ ചിലർ അതിനെ എതിർക്കുന്നു. ഭഗവാൻ രാമന്‍റെ ദര്‍ശനം നടത്തിയതിന് ഞാൻ ജീവിതത്തില്‍ 22 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്ന് പോലും എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നു'- രാധിക ഖേര രാജിക്കത്തില്‍ പറയുന്നു.
രാജിവെച്ച ഉടൻ തന്നെ രാധിക ഖേര അയോധ്യ ക്ഷേത്രത്തിന് മുന്നിൽ നിന്ന് എടുത്ത ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈൽ പിക്‌ചര്‍ ആക്കിയിരുന്നു. രാമക്ഷേത്രം സന്ദർശിച്ചതില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നെന്നും ഛത്തീസ്‌ഗഡ് സ്റ്റേറ്റ് കോൺഗ്രസ് ഓഫിസിൽ നിന്ന് ഇത്രയധികം എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന് കരുതിയില്ലെന്നും രാധിക ഖേര ട്വീറ്റ് ചെയ്‌തു.
രാധിക ഖേരയും കോൺഗ്രസ് മാധ്യമ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സുശീൽ ആനന്ദ് ശുക്ലയും തമ്മിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില വിഷയങ്ങളിൽ കടുത്ത തർക്കമുണ്ടായിരുന്നു. കോൺഗ്രസ് ഭവനിൽ വച്ച് തന്നെ അപമാനിച്ചെന്നും പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നും രാധിക ഖേര കരഞ്ഞു കൊണ്ട് പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ പിസിസി ചീഫ് ദീപക് ബൈജ് ഇരു നേതാക്കളുമായും സംസാരിച്ചിരുന്നു. രാധിക ഖേരയുമായും സുശീൽ ആനന്ദ് ശുക്ലയുമായും പ്രത്യേകം ചർച്ച നടത്തി, ബൈജ് റിപ്പോർട്ട് തയ്യാറാക്കി പാർട്ടി ഹൈക്കമാൻഡിന് അയച്ചു. എന്നാല്‍ റിപ്പോർട്ടിൽ തീരുമാനമുണ്ടാകുന്നതിന് മുമ്പ് തന്നെ രാധിക ഖേര കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയായിരുന്നു.