ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് (ഇൻകം ടാക്‌സ്) കോണ്‍ഗ്രസിന് 3,500 കോടി രൂപയുടെ നികുതി ഡിമാൻഡ് നോട്ടിസ് നല്‍കിയതില്‍ നിർബന്ധിത നടപടി സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
അന്തിമ വിധി വരുന്നത് വരെ വിഷയത്തില്‍ നടപടികള്‍ ഒന്നും സ്വീകരിക്കില്ലെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, അഗസ്‌റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബഞ്ചിന് മുന്നില്‍ ഐടി വകുപ്പിനെ പ്രതിനിധീകരിച്ചെത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വ്യക്തമാക്കിയത്. 2016ലെ ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കോണ്‍ഗ്രസ് 2018ല്‍ സമര്‍പ്പിച്ച സിവിൽ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
മാര്‍ച്ചിലാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് ഡിമാന്‍ഡ് നോട്ടിസുകള്‍ കൈമാറിയത്. ഇതിന് പിന്നാലെ ഡിമാന്‍ഡ് നോട്ടിസുകളും ഡല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തലുകളും സ്‌റ്റേ ചെയ്യണമെന്ന ആവശ്യവമായി പാര്‍ട്ടി കോടതിയില്‍ ഇടക്കാല അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
'കോണ്‍ഗ്രസ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പാണ് വരുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ അവര്‍ക്കെതിരെ നിര്‍ബന്ധിത നടപടികള്‍ ഒന്നും സ്വീകരിക്കില്ല'- എന്നായിരുന്നു തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്.
ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലെ വിഷയവുമായി കോണ്‍ഗ്രസിന് നിലവില്‍ നല്‍കിയിരിക്കുന്ന ആദായ നികുതി വകുപ്പ് നോട്ടിസുകള്‍ക്ക് ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈ വരെ വിഷയത്തില്‍ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് അംഗീകരിക്കുന്നതായി കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വിയും വ്യക്തമാക്കി.
മാര്‍ച്ച് 29നായിരുന്നു മുൻ വർഷങ്ങളിലെ നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 1,700 കോടി രൂപ അടയ്‌ക്കണമെന്ന് വ്യക്തമാക്കുന്ന നേട്ടിസ് ആദായ നികുതി വകുപ്പ് കൈമാറിയെന്ന വിവരം കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. 2017-18 മുതൽ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ നികുതി റിട്ടേണുകളിലാണ് പൊരുത്തക്കേടുകള്‍ എന്നായിരുന്നു ആദായ നികുതി വകുപ്പ് അറിയിച്ചത്. ഇതില്‍ പിഴയും അവയുടെ പലിശയും ചേര്‍ത്തായിരുന്നു കോണ്‍ഗ്രസ് 1700 കോടി അടയ്‌ക്കണമെന്ന നിര്‍ദേശം ആദായ നികുതി വകുപ്പ് നല്‍കിയത്.
ഇതിന് പിന്നാലെ 2014-15 മുതല്‍ 2016-17 വരെയുള്ള വര്‍ഷങ്ങളിലെ തുകയായി 1745 കോടിയുടെ നേട്ടിസ് ലഭിച്ച വിവരം ഇന്നലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടത്. ഇതോടെ, ആകെ 3500 കോടിയിലധികം തുകയാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസില്‍ നിന്നും ആവശ്യപ്പെട്ടത്.
Also Read : കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും ആദായ നികുതി വകുപ്പ് നോട്ടിസ് - DK Shivakumar Got Income Tax Notice