ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇരട്ടി പ്രഹരം നല്‍കി ആദായ നികുതി വകുപ്പിന്‍റെ അടുത്ത നടപടി. കോൺഗ്രസിന്‍റെ മുൻ വർഷങ്ങളിലെ നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് 1,700 കോടി രൂപ അടയ്‌ക്കണമെന്ന് കാട്ടി ആദായ നികുതി വകുപ്പ് പുതിയ നോട്ടീസ് അയച്ചതായി പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.
2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകൾക്കുള്ള പിഴയും അതിന്‍റെ പലിശയും ചേര്‍ത്താണ് 1700 കോടി രൂപ അടയ്‌ക്കണമെന്ന് അറിയിച്ചിരിക്കുന്നത്. ഈ ആഴ്‌ച ആദ്യമാണ് പുതിയ അറിയിപ്പ് ലഭിച്ചത്. ആദായ നികുതി വകുപ്പ് അധികൃതർ 210 കോടി രൂപ പിഴ ചുമത്തുകയും ഫണ്ട് മരവിപ്പിക്കുകയും ചെയ്‌തതോടെ കോൺഗ്രസ് വന്‍ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കേസിൽ ഹൈക്കോടതിയിൽ നിന്ന് പാര്‍ട്ടിക്ക് അനുകൂല നിലപാട് ലഭിക്കാത്തതിനാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.
ഏപ്രിൽ 19ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ബിജെപി തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും ഏജന്‍സികളെ അതിന് ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.