ലഖ്‌നൗ: കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയ്ക്ക് നേരെ കടന്നാക്രമണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ഗോമാംസം ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ ലക്ഷ്യമിടുന്നെന്ന് ആദിത്യനാഥ് ആരോപിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഗോമാംസം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളും ഗോമാംസം ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്. പശു അവരെ സംബന്ധിച്ച് ഒരു വിശുദ്ധ മൃഗമാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മുസ്‌ലിങ്ങളെ ഒഴിവാക്കാന്‍ പോകുകയാണ്. ഇത് എല്ലാവര്‍ക്കും അംഗീകരിക്കാനാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ഗോമാംസം കഴിക്കാനുള്ള അവകാശം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ഗോവധ നിരോധനം നടപ്പാക്കിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഗോവധം നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് സംസ്ഥാനം പാസാക്കിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. പശുക്കള്‍ക്ക് അംഗഭംഗം വരുത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് സംസ്ഥാനത്ത് ശിക്ഷ.
2020 ലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോവധ നിരോധന നിയമം നടപ്പാക്കിയത്. പിന്നീട് പുതിയ പല കൂട്ടിച്ചേര്‍ക്കലുകളും ഇതില്‍ നടത്തി. പശുക്കടത്തിനും ഗോവധത്തിനും വന്‍ തുക പിഴ ഈടാക്കുന്നത് അടക്കമുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്.
വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാകും. പശുക്കള്‍ക്ക് ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയോ ഹത്യ നടത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
പശുക്കടത്ത് നടത്തുന്നവരെ പിടികൂടിയാല്‍ ഇവയെ ഒരു വര്‍ഷം പരിപാലിക്കാനുള്ള പണമടക്കം കടത്തുകാരില്‍ നിന്ന് ഈടാക്കും. തങ്ങളുടെ അറിവോടെയല്ല പശുക്കടത്ത് നടന്നതെന്ന് വാഹന ഉടമകള്‍ക്ക് തെളിയിക്കാനായില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ പുതിയ നിയമപ്രകാരം അവര്‍ക്കെതിരെയും നടപടിയുണ്ടാകും.
Also Read: ഉത്തര്‍പ്രദേശില്‍ ഗോവധ കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു