ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്‍റെ കൂറ്റന്‍ റാലി ഈ മാസം പതിനേഴിന് മുംബൈയില്‍ നടക്കും. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്(INDIA Alliance Rally).
ഈ മാസം പന്ത്രണ്ടിന് യാത്ര മഹാഷ്ട്രയിലെ നന്ദര്‍ബറില്‍ പ്രവേശിക്കും. മാര്‍ച്ച് പതിനഞ്ചിന് ഭീവണ്ടിയില്‍ ഒരു റാലി നടക്കും. മാര്‍ച്ച് പതിനാറിന് യാത്ര മുംബൈയില്‍ സമാപിക്കും. തൊട്ടടുത്ത ദിവസം ഇന്ത്യാ സഖ്യത്തിന്‍റെ കൂറ്റന്‍ റാലി മുംബൈയില്‍ നടക്കുമെന്നും മഹാരാഷ്‌ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആശിഷ് ദുവ ഇടിവി ഭാരതിനോട് പറഞ്ഞു(Mumbai).
വടക്കന്‍ കിഴക്കന്‍ മേഖലയായ മണിപ്പൂരില്‍ നിന്നാരംഭിച്ച ദേശവ്യാപക യാത്ര 6,700 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസിലെ ഉന്നതര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെ, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, പാര്‍ലമെന്‍റംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു(Nyay Yatra).
ഇന്ത്യ സഖ്യത്തിന്‍റെ കരുത്ത് വിളിച്ചോതുന്ന രണ്ടാമത്തെ റാലിയാകും മുംബൈയില്‍ നടക്കുക. ഈ മാസം മൂന്നിന് സഖ്യത്തിന്‍റെ ആദ്യ റാലി പാറ്റ്നയില്‍ നടന്നിരുന്നു. പാറ്റ്നയിലെ റാലി വന്‍ വിജയമായിരുന്നു. അത് പോലെ തന്നെ മുംബൈ റാലിയും സഖ്യത്തിന്‍റെ കരുത്ത് വിളിച്ചോതുന്ന ഒന്നാകുമെന്ന് ദുവ പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത്തരം സംയുക്ത റാലികള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പലവിധത്തില്‍ ശ്രമിച്ചിട്ടും രാഹുല്‍ഗാന്ധിയുടെ ന്യായയാത്ര വന്‍വിജയമായി. രാഹുലിന്‍റെ സാമൂഹ്യ നീതി അജണ്ടയും തൊഴിലില്ലായ്മ, പരീക്ഷാപേപ്പര്‍ ചോര്‍ച്ച, സ്‌ത്രീകള്‍ക്കും ദളിതുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍, വിലക്കയറ്റം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ ഒളിച്ച് വച്ചിരിക്കുന്ന പല പ്രശ്നങ്ങളും രാഹുല്‍ ഉയര്‍ത്തിക്കാട്ടി. തങ്ങളുടെ സഖ്യകക്ഷികളും ഇത്തരം പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും ദുവ കൂട്ടിച്ചേര്‍ത്തു.
സഖ്യത്തിലെ കൂട്ടായ പ്രവര്‍ത്തനമാണ് യാത്രയുടെ വിജയത്തിന് ആധാരം. സഖ്യകക്ഷികള്‍ തങ്ങളെ സഹായിക്കുകയും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സഹകരണം വരുന്ന തെരഞ്ഞെടുപ്പിലും നമുക്ക് സഹായമാകും. രാഹുലിന്‍റെ യാത്ര കോണ്‍ഗ്രസിന് മാത്രമല്ല മറിച്ച് ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ കക്ഷികള്‍ക്കും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
പതിനാല് സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്ന് പോയത്. ഇതില്‍ പലതും കോണ്‍ഗ്രസ് മത്സരിക്കുന്നതുമല്ല. സഖ്യകക്ഷികളാകും ഇവിടെ ജനവിധി തേടുക. അത് കൊണ്ട് തന്നെ സഖ്യത്തിന് മൊത്തത്തിലാകും ഈ യാത്ര കൊണ്ട് പ്രയോജനമുണ്ടാകുക. 2019ലെ 52 സീറ്റുകളില്‍ നിന്ന് ഒരു മുന്നോട്ട് പോക്കുണ്ടാകാന്‍ ഈ യാത്ര കോണ്‍ഗ്രസിനും സഹായകമാകുമെന്ന് മുതിര്‍ന്ന എഐസിസി അംഗം പറഞ്ഞു.
മുംബൈ റാലിക്ക് മുമ്പ് തന്നെ മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ്, ശിവസേന, യുബിടി-എന്‍സിപി ശരദ് പവാര്‍ പക്ഷങ്ങളും ചെറുകക്ഷികളായ രാജു ഷെട്ടിയുടെ ക്ഷേത്രകാരി സംഘടന്‍, പ്രകാശ് അംബേദ്ക്കറുടെ വാന്‍ചിത് ബഹുജന്‍ അഘാടി എന്നിവയുമായും സീറ്റ് ധാരണയിലെത്തും. 48 സീറ്റുകളില്‍ 42ലും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ബാക്കിയുള്ള ഓരോന്നിലും ഉടന്‍ ചര്‍ച്ചകള്‍ നടത്തും.
മഹാരാഷ്‌ട്രയ്ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി മാര്‍ച്ച് പത്തിന് ഡല്‍ഹിയില്‍ നടക്കും. അശോക് ചവാന്‍, മിലിന്ദ് ദേവ്‌റ, ബാബാ സിദ്ദിഖി എന്നിവര്‍ പുറത്ത് പോയെങ്കിലും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും മുംബൈ റാലിക്ക് വേണ്ടി തിരക്കിട്ട ഒരുക്കത്തിലാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
Also Read: ബിജെപിക്കെതിരെ അരയും തലയും മുറുക്കി കോൺഗ്രസ്; ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം കീറാമുട്ടിയാകില്ല