ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുളള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെയും 5 കിലോ എഫ്‌ടിഎൽ (ഫ്രീ ട്രേഡ് എൽപിജി) സിലിണ്ടറുകളുടെയും വിലയാണ് എണ്ണ വിപണന കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്.
ഏപ്രിൽ ഒന്നു മുതൽ ഡൽഹിയിൽ സിലിണ്ടറിന്‍റെ വില 1764.50 ആയി നിജപ്പെടുത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം അഞ്ച് കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറിന് 7.50 രൂപയാണ് കുറച്ചത്. മാർച്ച് ഒന്നിന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധനവുണ്ടായതായി എണ്ണ വിപണന കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഇന്ധന വിലയിലും വിപണിയുടെ ചലനാത്മകതയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായ സമയത്താണ് വിലയിൽ ഈ പരിഷ്‌കരണം ഉണ്ടായത്.
ഫെബ്രുവരി 1-ന് ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലുടനീളം വ്യത്യസ്‌ത നിരക്കുകളിൽ ഇൻഡേൻ ഗ്യാസ് സിലിണ്ടറുകളുടെ വില വ്യത്യാസപ്പെട്ടിരുന്നു. മാർച്ച് ആദ്യം എല്ലാ മെട്രോ നഗരങ്ങളിലും ഇൻഡേന്‍ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.
Also Read: എൽപിജി സബ്‌സിഡി ഉയർത്തി കേന്ദ്രം ; ഉജ്ജ്വല ഉപഭോക്താക്കൾക്ക് 603 രൂപയ്ക്ക് സിലിണ്ടർ
വില കുറയുന്നതിന് പിന്നിലെ കാരണങ്ങൾ കൃത്യമായ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ മാറ്റങ്ങൾ, സപ്ലൈ-ഡിമാൻഡ് ഡൈനാമിക്‌സ് തുടങ്ങിയ വിവിധ ഘടകങ്ങൾ വില ക്രമീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്.