ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. 5600 കോടിയുടെ കൊക്കെയ്ൻ കയറ്റുമതിയുടെ സൂത്രധാരനായ തുഷാർ ഗോയലിനാണ് കോൺഗ്രസുമായി ബന്ധമുളളത്. സ്പെഷ്യൽ സെല്ലിൻ്റെ ചോദ്യം ചെയ്യലിൽ തുഷാർ ഗോയൽ തന്നെയാണ് കോൺഗ്രസുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
2021ല്‍ ഡൽഹി പ്രദേശ് കോൺഗ്രസിന്‍റെ വിവരാവകാശ സെല്ലിൻ്റെ ചെയർമാനായിരുന്നു എന്നാണ് തുഷാർ ഗോയൽ പറഞ്ഞത്. കുറച്ച് കാലത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞതായും ഗോയല്‍ പറഞ്ഞു. ഈ കാലയളവിലെ പ്രതിയുടെ ചിത്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഡിഗ്ഗി ഗോയൽ എന്ന പേരിൽ ഉണ്ടായിരുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ ഗോയല്‍ ഇല്ലാതാക്കിയതായും ഡൽഹി പൊലീസ് പറഞ്ഞു. തുഷാർ ഗോയലിന് ദുബായിലും ബന്ധങ്ങളുണ്ടെന്ന് പൊലീസ് സംശിയിക്കുന്നുണ്ട്. സ്‌പെഷ്യൽ സെല്ലിൻ്റെ അന്വേഷണത്തിൽ കൊക്കെയ്ൻ വിതരണക്കാരനായ ദുബായിൽ നിന്നുള്ള ഒരു വൻകിട വ്യവസായിയുടെ പേര് ഉയർന്നുവന്നതായി ഡൽഹി പൊലീസ് പറഞ്ഞു.
ബുധനാഴ്‌ച 560 കിലോയിലധികം കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. തുഷാർ ഗോയൽ, ഹിമാൻഷു, ഔറംഗസേബ് എന്നിവരെയാണ് പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തത്. സമീപകാലത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണ് ഇതെന്ന് അഡീഷണൽ കമ്മിഷണർ പ്രമോദ് സിങ് കുശ്‌വാഹ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതികളായ തുഷാർ ഗോയൽ, ഹിമാൻഷു, ഔറംഗസേബ് എന്നിവരിൽ നിന്ന് 15 കിലോ കൊക്കെയ്ൻ കണ്ടെടുത്തതായും ബാക്കി കഞ്ചാവും കൊക്കെയ്‌നും ഗോഡൗണിൽ നിന്ന് കണ്ടെടുത്തതായും അഡീഷണൽ സിപി കുശ്വാഹ പറഞ്ഞു. മഹിപാൽപൂർ എക്സ്റ്റൻഷനിലെ ഗോഡൗണിൽ നിന്ന് ഇവ വിതരണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
Also Read: ത്രിപുരയില്‍ വന്‍ ലഹരി ഗുളിക വേട്ട; 52 കോടിയുടെ 'യബ ഗുളികകള്‍' പിടിച്ചെടുത്തു