ബീജിങ്: കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്‍മാറ്റം സുഗമമായി പുരോഗിക്കുന്നുവെന്ന് ചൈന. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 23നാണ് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങും തമ്മില്‍ ധാരണയിലെത്തിയത്.
റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരുരാഷ്‌ട്രത്തലവന്‍മാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇത് സംബന്ധിച്ച ധാരണ ഉണ്ടായത്. നടപടികള്‍ സുഗമമായി പുരോഗമിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യവക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി. സൈനികരെ പിന്‍വലിക്കാന്‍ ധാരണയായതായി ഈ മാസം 21 ന് തന്നെ ഇന്ത്യ അറിയിച്ചു. പിന്നെയും ഒരു ദിവസം കഴിഞ്ഞാണ് ചൈന ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയും ചൈയും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പ്രമേയം നടപ്പാക്കലുമായി മുന്നോട്ട് പോകുമെന്നും ചൈന അറിയിച്ചിരുന്നു.
കരാറിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സംഘര്‍ഷബാധിത മേഖലകളായ ദെംചോക്ക്, ദെസ്‌പാങ് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്‌ചയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ രണ്ട് മേഖലയിലെ കാര്യത്തില്‍ മാത്രമാണ് ധാരണയായിരിക്കുന്നത്. മറ്റിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനികര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള താത്ക്കാലിക നിര്‍മ്മിതികളും പൊളിക്കുന്നുണ്ട്. സൈനികരെ പിന്‍വലിക്കുന്നതോടെ പ്രദേശം 2020 ഏപ്രിലിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് പോകും.
2020 ജൂണില്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷമാണ് ഏഷ്യയിലെ രണ്ട് അതികായര്‍ തമ്മിലുള്ള ബന്ധം വഷളാക്കിയത്. രണ്ട് രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകള്‍ക്കിടെ ഉണ്ടാകുന്ന ഏറ്റവും ഗൗരവമായ സൈനിക സംഘര്‍ഷമായിരുന്നു ഇത്.
നിരവധി ആഴ്‌ചകളായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി ഈ മാസം 21ന് ഡല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. 2020ലാരംഭിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു പ്രമേയത്തിലേക്ക് എത്താന്‍ ഈ ചര്‍ച്ചകളിലൂടെ സാധിച്ചു.
അതേസമയം കിഴക്കന്‍ ലഡാക്കിലെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ചൈനയുമായി കരാറിലെത്തിയെന്ന മോദി സർക്കാരിന്‍റെ പ്രഖ്യാപനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അതിര്‍ത്തി തര്‍ക്കത്തിന് മുമ്പ് 2020 മാർച്ചിൽ നിലനിന്നിരുന്ന പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വിഷയത്തിൽ ഇന്ത്യയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായാണ് കേന്ദ്രത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി രംഗത്തെത്തിയത്.