ജോധ്പൂർ : മാസം തികയാതെ ജനിക്കുന്ന നിരവധി കുഞ്ഞുങ്ങൾക്ക് രാജസ്ഥാനിലെ ഉമൈദ് ആശുപത്രിയിൽ പുതുജീവൻ ലഭിക്കാറുണ്ട്. 500 ഗ്രാം മാത്രം തൂക്കമുള്ള, മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ പൂര്‍ണ ആരോഗ്യവാനാക്കി വീട്ടിലേക്ക് പറഞ്ഞയച്ച അപൂര്‍വ നേട്ടം കൂടി ആശുപത്രി നേടിയിരിക്കുകയാണ്. പാവ്‌ടയിൽ താമസിക്കുന്ന റൗണക് കങ്കരിയയുടെ ഭാര്യ കൃഷ്‌ണ 2023 ഡിസംബർ 14 ന് ആണ് ഉമൈദ് ആശുപത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്.
മാസം തികയാതെ പ്രസവിച്ചതിനാല്‍ അന്നുതന്നെ കുട്ടിയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ മൂക്കിലൂടെ ഓക്സിജൻ നൽകുകയും ഇൻക്യുബേറ്ററിൽ സൂക്ഷിക്കുകയുമായിരുന്നു. ആന്‍റി ബയോട്ടിക്കുകളും നല്‍കി. മൂന്നാം ദിവസം മുതൽ ട്യൂബ് വഴി കുഞ്ഞിന് പാൽ നല്‍കി തുടങ്ങി. 15 ദിവസത്തിന് ശേഷം ആന്‍റിബയോട്ടിക്കുകൾ നല്‍കുന്നത് നിർത്തി. 84-ാം ദിവസമായ വ്യാഴാഴ്ച(08-03-2024) കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തു. ഡോക്‌ടർമാരും ജീവനക്കാരും അഹോരാത്രം പ്രയത്നിച്ചതുകൊണ്ട് മകൻ സുഖം പ്രാപിച്ചുവെന്ന് കുഞ്ഞിന്‍റെ അമ്മ കൃഷ്‌ണ പറഞ്ഞു.
600, 750 ഗ്രാം തൂക്കമുള്ള കുട്ടികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് 500 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ ചികിത്സിച്ച് വിജയം കാണുന്നതെന്ന് യൂണിറ്റ് ഇൻചാർജ് ഡോ.ജെ.പി.സോണി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ മിക്ക നവജാതശിശുക്കളും മരണത്തിന് കീഴടങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഡോക്‌ടർമാർ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.
കുട്ടിയെ എല്ലാ ദിവസവും നിരീക്ഷിച്ചു കൊണ്ടിരുന്നു. തലച്ചോറിന്‍റെ സോണോഗ്രാഫി തുടർച്ചയായി പരിശോധിച്ചു. റെറ്റിന, ശ്രവണ പരിശോധന എന്നിവ നടത്തി. അമ്മയുടെ പാൽ മാത്രമാണ് നൽകിയത്. ജനിച്ച് 55 ദിവസത്തിനുള്ളിൽ കുഞ്ഞിന്‍റെ ഭാരം ഒരു കിലോ ആയി.ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാരം ഒരു കിലോ 600 ഗ്രാം ആയിരുന്നു. കുഞ്ഞിന് വേണ്ട മുഴുവൻ ചികിത്സയും സൗജന്യമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ.അഫ്‌സൽ ഹക്കിം പറഞ്ഞു.
Also Read : ഒരു സാധാരണക്കാരന്‍റെ അസാധാരണ സമ്മാനം; സ്‌കൂള്‍ കുട്ടികള്‍ക്ക് 11 സൈക്കിളുകള്‍ വിതരണം ചെയ്‌ത് തൊഴിലാളി