കാങ്കര്‍: സൈനികരും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്‌റ്റ് നേതാവ് ശങ്കര്‍ റാവു അടക്കം 29 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാങ്കര്‍ എസ്‌പി കല്യാണ്‍ അലെസെല അറിയിച്ചതാണ് ഇക്കാര്യം. മാവോയിസ്‌റ്റുകളുടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
ചോട്ടെ ബെത്തിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം മാവോയിസ്‌റ്റുകള്‍ ചോട്ടെ ബെത്തിയയില്‍ ഒരു ഗ്രാമീണനെ വധിച്ചിരുന്നു. ഇതോടെ മേഖല കടുത്ത ഭീതിയിലായി. ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി സൈന്യം നിരന്തരം തെരച്ചില്‍ നടത്തി വരികയായിരുന്നു.
നേരത്തെ പൊലീസും നക്‌സലുകളും തമ്മില്‍ ഒഡിഷ അതിര്‍ത്തിയായ ധാംതരിയില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ ഒരു പൊലീസുകാരന് വിരലില്‍ വെടിയേറ്റു. രണ്ടോ മൂന്നോ നക്‌സലുകള്‍ക്കും ഈ സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും കണ്ടെത്തി.
Also Read: ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ ഏറ്റുമുട്ടല്‍; 9 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു
അടുത്തിടെയായി മേഖലയില്‍ നക്‌സല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണിത്. അത് കൊണ്ട് തന്നെ സൈന്യം അതീവ ജാഗ്രതയിലാണ്. കാങ്കറിന് സമീപമുള്ള മാദ് മേഖലയില്‍ നക്‌സലുകളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. വനത്തില്‍ വച്ച് പരിക്കേറ്റ സൈനികരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.