മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് (ജൂൺ 1) രാവിലെ 8.45നാണ് സംഭവം. 172 യാത്രക്കാരുമായി മുംബൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ-മുംബൈ ഇൻഡിഗോ 6E5314 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയത്.
കഴിഞ്ഞ ആഴ്‌ചയും സമാനസംഭവം ഉണ്ടായിരുന്നു. മെയ് 28 ന് ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയതിന് ശേഷം വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് പൈലറ്റ് മുംബൈ എടിസിയെ അറിയിക്കുകയായിരുന്നു. സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. വിമാനത്തിൽ പരിശോധന നടന്നുക്കൊണ്ടിരിക്കുകയാണെന്നും, എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ എത്തിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.