വിജയപുര (കര്‍ണാടക) : രഥോത്സവത്തിനിടെ കര്‍ണാടകയില്‍ ദാരുണ സംഭവം. രഥം കയറിയിറങ്ങി മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ഞായറാഴ്‌ച (ഏപ്രില്‍ 28) വിജയപുര ജില്ലയിലെ ഇന്തി താലൂക്ക് ലച്ച്യാന ഗ്രാമത്തിലെ സിദ്ധലിങ്ക സ്വാമിജി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.
അഭിഷേക് മുജഗൊണ്ട (17), സോബു ഷിന്‍ഡെ (51), സുരേഷ് കതകദൊണ്ട (36) എന്നിവരാണ് മരിച്ചത്. ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏഴ് പേര്‍ക്ക് മുകളിലൂടെ രഥം കയറിയിറങ്ങുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണ് മരണത്തിന് കീഴടങ്ങിയത്.
പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള നാലുപേര്‍ വിജയപുര ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ആയിരത്തിലധികം ഭക്തരാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇന്തി പൊലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.