അമരാവതി: ആന്ധ്രാപ്രദേശ് നിയമസഭ കക്ഷി നേതാവായി തെലുഗു ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിനെ തെരഞ്ഞെടുത്തു. വിജയവാഡയില്‍ നടന്ന തെലുഗുദേശം പാര്‍ട്ടി, ജനസേന, ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ജനസേന അധ്യക്ഷന്‍ പവന്‍ കല്യാണ്‍ അദ്ദേഹത്തെ നിയമസഭ കക്ഷി നേതാവായി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ ഡി പുരന്ദേശ്വരി ഇതിനെ പിന്താങ്ങി. ഇതോടെ നായിഡു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി.
നേരത്തെ ടിഡിപി നിയമസഭകക്ഷി നേതാവായി ഇദ്ദേഹത്തെ പാര്‍ട്ടി ഐക്യകണ്ഠേന തെരഞ്ഞെടുത്തതായി ടിഡിപി നേതാവ് കെ അത്‌ചെന്‍ നായിഡു പറഞ്ഞു. ജനസേന സ്ഥാപകന്‍ പവന്‍ കല്യാണിനെ പാര്‍ട്ടിയുടെ സഭാ നേതാവായും തെരഞ്ഞെടുത്തു.
എല്ലാവരുടെയും സഹകരണത്തോടെ താന്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ ചന്ദ്രബാബു നായിഡു പറഞ്ഞു. അതിന് എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞ ചടങ്ങിനെത്തും.
നാലാം തവണയാണ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരത്തിലെത്തുന്നത്. താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണം തേടിയിട്ടുണ്ട്. അതുറപ്പ് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമരാവതിയാകും ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളവാരം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. തുറമുഖ നഗരമായ വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമാക്കി പരിഷ്‌ക്കരിച്ച് പ്രത്യേക നഗരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയുണ്ടായ എന്‍ഡിഎയുടെ വന്‍ വിജയം മുന്‍പുണ്ടാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെ രക്ഷിക്കാനുള്ള അഞ്ച് കോടി ജനങ്ങളുടെ ഉദ്യമത്തെ താന്‍ നമിക്കുന്നു. ഒരൊറ്റകാര്യം മാത്രമാണ് നാമെല്ലാം പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടിയത്. ജനങ്ങള്‍ വിജയിക്കണം. രാജ്യം നിലനില്‍ക്കണം.
മുന്‍കാല തെരഞ്ഞെടുപ്പുകളെ എല്ലാം എടുത്താല്‍ 2024ലെ തെരഞ്ഞെടുപ്പാണ് തനിക്ക് ഏറെ സംതൃപ്‌തി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം ദക്ഷിണേന്ത്യന്‍ നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ അല്‍പ്പം വിലയുണ്ടാക്കിക്കൊടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.
ടിഡിപി, ബിജെപി, ജനസേന എന്നിവരുള്‍പ്പെട്ട എന്‍ഡിഎ സഖ്യത്തിന് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. 164 നിയമസഭ സീറ്റുകളും 21 ലോക്‌സഭ സീറ്റുകളുമാണ് ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ ഇക്കുറി സ്വന്തമാക്കിയത്.