ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിന്‍റെ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണൽ ദിവസത്തെ മുഴുവൻ വീഡിയോ റെക്കോർഡിങും ചൊവ്വാഴ്‌ച പരിശോധിക്കുമെന്ന് സുപ്രീം കോടതി. രേഖകൾ സുരക്ഷിതമായി ഡൽഹിയിൽ എത്തിക്കാൻ ജുഡീഷ്യൽ ഓഫീസറെ നിയോഗിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ക്കും നിര്‍ദേശം നല്‍കി.
ഹൈക്കോടതി നിയമിക്കുന്ന ജുഡീഷ്യൽ ഓഫീസർക്ക് സുരക്ഷ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചണ്ഡീഗഡ് ഭരണകൂടത്തോട് നിർദ്ദേശിച്ചു. ഞങ്ങൾ തന്നെ രേഖകൾ പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കുതിരക്കച്ചവടം നടക്കുന്നു, മേയർ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേസ് ചൊവ്വാഴ്‌ചയ്ക്ക് പകരം മറ്റൊരു ദിവസം പരിഗണിക്കണമെന്ന ഹർജി നിരസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പ് നടത്തിയ റിട്ടേണിങ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറുകറില്‍ തിരിമറി നടത്തിയതായി കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം മസിഹ് ബെഞ്ചിന് മുമ്പാകെ ഹാജരായി, ചില ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ജഡ്‌ജിമാർ അദ്ദേഹത്തെ ചോദ്യം ചെയ്‌തു.
ഇതിനകം കൃത്രിമം കാട്ടിയ എട്ട് ബാലറ്റ് പേപ്പറുകളിൽ താൻ എക്‌സ് അടയാളം ഇടുകയും ആം ആദ്‌മി പാർട്ടി കൗൺസിലർമാർ ബഹളം ഉണ്ടാക്കുകയും ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും ജഡ്‌ജിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മസിഹ് ആരോപിച്ചു. ഇതേതുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ക്യാമറ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പറുകൾ വളച്ചൊടിച്ചതായി വ്യക്തമാണെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിരീക്ഷിച്ച് സുപ്രീം കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി മേയർ തെരഞ്ഞെടുപ്പിൽ തോറ്റ ആം ആദ്‌മി പാർട്ടിയുടെ കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇതിന് വിസമ്മതിച്ചതോടെയാണ് ഹർജി സുപ്രീം കോടതിയിലെത്തിയത്. ചീഫ് ജസ്‌റ്റിസിനൊപ്പം ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ബിജെപിയുടെ ബാലറ്റിൽ കൃത്രിമം കാട്ടിയെന്നും എട്ട് വോട്ടുകൾ തള്ളിയതിൽ കൃത്രിമം നടന്നെന്നുമായിരുന്നു കുൽദീപ് കുമാറിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. ഇതിന് തെളിവായി തെരഞ്ഞെടുപ്പിന്‍റെ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കപ്പെട്ടു. കോൺഗ്രസ് പിന്തുണയുള്ള ആം ആദ്‌മി സ്ഥാനാർത്ഥിയായ കുമാറിന് ലഭിച്ച 12 വോട്ടിനെതിരെ 16 വോട്ടുകൾ നേടിയാണ് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് വോട്ടുകൾ അസാധുവായതിനാൽ നിരസിക്കപ്പെട്ടു. വോട്ടുകൾ അസാധുവായതിൽ തിരിമറി നടന്നതായാണ് ആരോപണം. എന്നാൽ, സോങ്കർ പിന്നീട് സ്ഥാനം രാജിവച്ചു.
മേയർ രാജിവെച്ചതിനാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുവിഭാഗം നിർദ്ദേശിച്ചു. കോടതി ഇത് പരിഗണിച്ചു, കൂടാതെ നിയമവിരുദ്ധമായ ഘട്ടത്തിൽ നിന്ന് തെരഞ്ഞെടുപ്പ് പുനരാരംഭിക്കാമെന്നും പഞ്ചാബ് അഡ്വക്കേറ്റ് ഗുർമീന്ദർ സിംഗ് കൂട്ടിച്ചേർത്തു.