റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തും. നിലവിലെ മുഖ്യമന്ത്രിയായ ചംപെയ് സോറൻ ഗവർണർ സി പി രാധാകൃഷ്‌ണന് രാജി സമർപ്പിച്ചു. ഇന്ന് ചേർന്ന നിമസഭാ കക്ഷി യോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെയാണ് നിർണായ തീരുമാനം.
ഇന്ന് രാത്രി എട്ടുമണിയോടെയാണ് ചംപെയ് സോറൻ രാജി കത്ത് കൈമാറിയത്. ചംപെയ് സോറന് പകരം ഹേമന്ത് സോറനെ നിയമിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ ജെ എം എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റായ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയാകുന്നതോടെ ഈ സ്ഥാനത്തേക്ക് ചംപെയ് സോറനെ പരിഗണിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം കഴിഞ്ഞ വെള്ളിയാഴചയാണ് ഹേമന്ത് സോറന് ഇ ഡി കേസിൽ ജാമ്യം ലഭിച്ചത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 നായിരുന്നു സോറനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. എന്നാൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ജാർഖണ്ഡിൻ്റെ 12-ാമത് മുഖ്യമന്ത്രിയായി ഫെബ്രുവരി രണ്ടിന് ചംപെയ് സോറൻ അധികാരമേൽക്കുകയായിരുന്നു.
ഇന്ന് ചംപെയ് സോറന്‍റെ വസതിയിൽ നടന്ന സഖ്യയോഗത്തിൽ കോൺഗ്രസ് ജാർഖണ്ഡ് ഇൻചാർജ് ഗുലാം അഹമ്മദ് മിർ, സംസ്ഥാന പ്രസിഡന്‍റ് രാജേഷ് താക്കൂർ, ബസന്ത് സോറൻ, ഹേമന്ത് സോറന്‍റെ ഭാര്യ കൽപന തുടങ്ങിയവരുടെ പങ്കെടുത്തു.
Also Read: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം