ന്യൂഡൽഹി : വിചാരണ തടവുകാരെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി കാലയളവുമായി ബന്ധപ്പെട്ട ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ 479-ാം വകുപ്പ് രാജ്യത്തുടനീളമുള്ള എല്ലാ വിചാരണത്തടവുകാർക്കും ബാധകമാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍. 2024 ജൂലൈ 1- ന് മുമ്പ് രജിസ്റ്റർ ചെയ്‌ത കുറ്റകൃത്യമാണെങ്കിലും ബിഎന്‍എസ്എസിന്‍റെ 479-ാം വകുപ്പ് ബാധകമാകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
കേന്ദ്രത്തിന്‍റെ വാദങ്ങളുടെ പശ്ചാത്തലത്തിൽ, ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന കാലയളവിന്‍റെ മൂന്നിലൊന്ന് പൂർത്തിയാകുന്ന മുറയ്ക്ക് വിചാരണ തടവ് സംബന്ധിച്ച അപേക്ഷകൾ ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കാന്‍ ജയിൽ സൂപ്രണ്ടുമാരോട് ബെഞ്ച് നിർദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ കഴിയുന്നത്ര വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞു.
വിചാരണ തടവുകാരെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി കാലയളവ് എന്ന വകുപ്പ് 479 എത്രയും വേഗം നടപ്പിലാക്കണമെന്ന് കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ നേരത്തെ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ജയിലുകളിലെ തിരക്ക് പരിഹരിക്കാൻ ഇത് സഹായികമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 1 മുതലാണ് ഇന്ത്യന്‍ ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി രാജ്യത്ത് ബിഎന്‍എസ്എസ്, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ പ്രാബല്യത്തിൽ വന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻ 436 എ മാറ്റിയാണ് ബിഎന്‍എസ്‌എസ് സെക്ഷൻ 479 നിലവില്‍ വന്നത്.
Also Read : മുഖം മാറിയ ക്രിമിനല്‍ നിയമങ്ങള്‍; 'പുതിയ നിയമം' ഫലപ്രദമോ? ജസ്റ്റിസ് മദന്‍ ലോകൂര്‍ എഴുതുന്നു