ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ ധ്രുതഗതിയിലുളള പ്രവർത്തനങ്ങള്‍ നടത്തിയതായി കേന്ദ്ര സർക്കാർ. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എൻഡിആർഎഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്നിശമനസേന, സിവിൽ ഡിഫൻസ് തുടങ്ങി ആയിരത്തി ഇരുന്നൂറിലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചു.
നൂറിലധികം ആംബുലൻസുകളും ഡോക്‌ടർമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും വൈദ്യസഹായത്തിനും ചികിത്സയ്ക്കുമായി വിന്യസിക്കുകയുണ്ടായി. വലിയ വാഹനങ്ങളുടെയും ആംബുലൻസുകളുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി 190 അടി നീളമുളള ബെയ്‌ലി പാലം വയനാട്ടിൽ ഇന്ത്യൻ സൈന്യം സ്ഥാപിക്കുകയുണ്ടായി. വെറും 71 മണിക്കൂറുകൾക്കൊണ്ടാണ് ഈ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായത്.
ഒറ്റപ്പെട്ടുപോയ ഇരുന്നൂറോളം ആളുകളെ രക്ഷപ്പെടുത്തുന്നതിനായി ഒരു പാലം എന്നുളളത് അത്യാവശ്യമായിട്ടുളള ഒന്ന് തന്നെയായിരുന്നു. ഇതുവരെ മുഴുവനായും 30 പേരെ രക്ഷപ്പെടുത്തുകയും, 520 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുവാനും, 112 മൃതദേഹങ്ങൾ കണ്ടെത്തുവാനും എൻഡിആർഎഫ് സംഘത്തിന് കഴിഞ്ഞു.
വയനാട്ടില്‍ തങ്ങള്‍ നടത്തിയ ഇടപെടല്‍ സംബന്ധിച്ച് കേന്ദ്രം വാര്‍ത്ത കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജൂലൈ 30-ന് കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിൽ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ, ചൂരൽമല, എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഇതിന്
അതേസമയം സംസ്ഥാനത്തെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇൻ്റർ മിനിസ്റ്റേരിയൽ സെൻട്രൽ ടീമിനെ (ഐഎംസിടി) രൂപീകരിച്ചു. ഓഗസ്റ്റ് 8 മുതൽ 10 വരെയാണ് ഐഎംസിടി സംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക.
കേരളത്തിന് ദുരിതാശ്വാസ ഫണ്ട്
കേന്ദ്ര സർക്കാർ എപ്പോഴും കേരളത്തിന് ദുരന്തങ്ങൾ നേരിടുന്നതിനായി സമയോചിതമായി ഫണ്ടുകൾ നൽകാറുണ്ട്. ഈ വർഷം ഏപ്രിൽ ഒന്നിന് കേരള എസ്‌ഡിആർഎഫ് അക്കൗണ്ടിൽ ഏകദേശം 395 കോടി രൂപയുണ്ടായിരുന്നു. എസ്‌ഡിആർഎഫ് കേന്ദ്ര വിഹിതത്തിൻ്റെ ആദ്യ ഗഡു 145.60 കോടിയിലധികം രൂപ ജൂലൈ 31 ന് തന്നെ അക്കൗണ്ടിൽ എത്തിയിരുന്നു.
ഓരോ സംസ്ഥാനത്തിനും ദുരന്ത നിവാരണ ഫണ്ട് വിഹിതമായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന 1780 കോടി രൂപയിൽ 1200 കോടി രൂപയും മോദി സർക്കാർ അനുവദിച്ചിട്ടുണ്ടായിരുന്നു. ഇതിനുപുറമെ മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൻ്റെ സ്റ്റേറ്റ് ഡിസാസ്‌റ്റർ മിറ്റിഗേഷൻ ഫണ്ടിലേക്ക് 445 കോടി രൂപ അനുവദിച്ചിരുന്നു.