ബെംഗളൂരു : ജൂലൈ 12 മുതൽ ജൂലൈ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക സംസ്ഥാനത്തോട് ശുപാർശ ചെയ്‌തു. ഇന്ന് ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂലൈ അവസാനം വരെ പ്രതിദിനം 11,500 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാനും യോഗം നിർദേശിച്ചു.
അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് കർണാടക സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം യോഗത്തിൽ പറഞ്ഞത്. കാവേരിയിലെ 4 ജലസംഭരണികൾ നീരൊഴുക്കിന്‍റെ അഭാവത്തിൽ പ്രതിസന്ധിയിലാണെന്നും സംഘം ചൂണ്ടിക്കാട്ടി. ജൂൺ - 1 മുതൽ ജൂലൈ 9 വരെ കർണാടകയിലെ നാല് റിസർവോയറുകളിലേക്കുള്ള സഞ്ചിത ഒഴുക്ക് 41.651 ടിഎംസി ആണ്. കർണാടകയിലെ കെആർഎസും കബനിയും ഉൾപ്പെടെ നാല് റിസർവോയറുകളിലെ സഞ്ചിത ഒഴുക്ക് കമ്മി 28.71% ആണെന്നും വിദഗ്‌ധര്‍ പറഞ്ഞു.
നിലവിൽ 58.66 ടിഎംസിയാണ് കർണാടകയിലെ കാവേരി ജലസംഭരണികളിലുള്ളത്. മേട്ടൂരിൽ നിന്ന് 4.905 ടിഎംസി വെള്ളവും ഭവാനിയിൽ നിന്ന് 0.618 ടിഎംസി വെള്ളവും (ആകെ 5.542 ടിഎംസി) നദിയിലേക്ക് തുറന്നുവിട്ടു. കൂടാതെ 24.705 ടിഎംസി ജലം തമിഴ്‌നാടിന്‍റെ മൂന്ന് സംഭരണികളിലാണ്.
മുൻ ജല വർഷത്തിൽ 2024 ഫെബ്രുവരി മുതൽ 2024 മെയ് വരെയുള്ള കാലയളവില്‍ കർണാടക ജലം വിട്ടുനല്‍കിയില്ലെന്ന് തമിഴ്‌നാട് സർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നു. നിലവിലെ ജല വർഷത്തിൽ മഴ സാധാരണ നിലയിലായിരുന്നു. കർണാടകത്തിന് ആവശ്യത്തിന് ജലം ലഭിച്ചിട്ടുണ്ട്.
അതിനാല്‍ സുപ്രീം കോടതി പരിഷ്‌കരിച്ച സിഡബ്ല്യുഡിടി ഉത്തരവ് പ്രകാരം കർണാടക ബിലിഗുണ്ട്‌ലുവിലെ നിശ്ചിത ഒഴുക്ക് ഉറപ്പാക്കണമെന്നും അപേക്ഷയില്‍ പറയുന്നു. ഇരു സംസ്ഥാനങ്ങളുടെയും വാദം കേട്ട ശേഷമാണ് ജൂലൈ അവസാനം വരെ ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകയോട് ശുപാർശ ചെയ്‌തത്.
അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും നല്ല മഴയില്ലെന്നും അതിനാൽ വെള്ളമില്ലെന്നുമാണ് ജലവിഭവ മന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചത്. ഇത് കാരണം നല്ല വെള്ളം റിസര്‍വോയറുകളില്‍ എത്തിയിട്ടില്ലെന്നും സംസ്ഥാനത്തെ തടാകങ്ങളും ജലസംഭരണികളും നിറയ്ക്കാനുള്ള മഴ ലഭിക്കാന്‍ നമുക്ക് പ്രാർഥിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.