ജയ്‌പൂര്‍ : മോഷണം പോയ വാഹനം റോഡിൽ കണ്ടതിന് പിന്നാലെ ബോണറ്റിലേക്ക് ചാടിക്കയറി ഉടമയുടെ സാഹസിക യാത്ര. ജയ്‌പൂരിലെ വൈശാലി നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മോഷ്‌ടാക്കള്‍ കാറിടിപ്പിച്ച് ഉടമയെ വീഴ്ത്തിയ ശേഷമാണ് കാറുമായി കടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവമിങ്ങനെ :
മെയ് അഞ്ചിന് രാത്രി വീടിന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന കാർ മോഷണം പോയതായാണ് ഹിമ്മത് സിങ് എന്നയാള്‍ വൈശാലി നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. നൽകിയതായി കേസ് അന്വേഷിക്കുന്ന ഹെഡ് കോൺസ്‌റ്റബിൾ വിക്രം സിങ് പറഞ്ഞു.
മെയ് 9-ന് രാത്രി ഹിമ്മത് സിങ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകവേ വൈശാലി നഗർ ഭാഗത്ത്, തന്‍റെ കാർ കിടക്കുന്നത് കണ്ടു. കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇത് തന്‍റെ കാറാണെന്ന് ഹിമ്മത് സിങ് കാറിലുണ്ടായിരുന്നവരോട് പറഞ്ഞു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്ന് പേരും ഇയാളെ മർദിച്ച് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു.
ഹിമ്മത് സിങ് കാറിന്‍റെ മുന്നില്‍ വട്ടം നിന്നെങ്കിലും അക്രമികള്‍ കാർ മുന്നോട്ടെടുത്തു. ഈ സമയം ഹിമ്മത് സിങ്ങും സുഹൃത്തും ചേര്‍ന്ന് കാർ തടയാൻ ശ്രമിച്ചു. എന്നാല്‍ സുഹൃത്ത് റോഡിൽ വീണു. തുടര്‍ന്ന് ഹിമ്മത് സിങ് കാറിന്‍റെ ബോണറ്റിലേക്ക് ചാടിക്കയറുകയായിരുന്നു. തുടര്‍ന്ന് അക്രമികൾ കാറിന്‍റെ വേഗത കൂട്ടി ഹിമ്മത് സിങ്ങിനെയും ഇടിച്ചു വീഴ്ത്തി രക്ഷപെട്ടു.
ഡൽഹി-അജ്‌മീർ എക്‌സ്‌പ്രസ് ഹൈവേയിലാണ് ഹിമ്മത് സിങ് തെറിച്ചു വീണത്. സംഭവത്തിന് പിന്നാലെ ഹിമ്മത് സിങ് വൈശാലി നഗർ പൊലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.