ഷിംല: കൊൽക്കത്തയിൽ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഷിംലയില്‍ മെഴുകുതിരി പ്രതിഷേധവുമായി ജനങ്ങള്‍. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. തിങ്കളാഴ്‌ച (ഓഗസ്റ്റ് 20) രാത്രിയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യത്തിന് അപ്പുറത്ത് സമൂഹത്തില്‍ ഇത്തരം പീഡനങ്ങള്‍ക്കെതിരെ അവബോധം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടാണ് മെഴുകുതിരി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കുക വേഗത്തില്‍ നീതി നടപ്പാക്കുക എന്നത് മാത്രമാണ് ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ തടയാന്‍ സഹായിക്കുക. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിലെ സ്‌ത്രീകളുടെ സുരക്ഷിതത്വം ഉറുപ്പുവരുത്തുന്നതിനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഷിംല മുൻസിപ്പൽ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ടികേന്ദർ പൻവാർ പറഞ്ഞു.
ഇത് ഒരു ഡോക്‌ടർക്കോ സ്ത്രീക്കോ എതിരായ കുറ്റകൃത്യമല്ല മറിച്ച് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഇരയുടെ വസ്‌ത്രധാരണം പീഡനത്തിന് പിന്നിലെ ഒരു കാരണമായി പലരും കുറ്റപ്പെടുത്തുന്നു. എന്നാൽ ഇവിടെ ഒരു റസിഡന്‍റ് ഡോക്‌ടറെയാണ് ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് ഡോക്‌ടർ സ്വാതി ശർമ്മ പറഞ്ഞു.
രക്ഷാബന്ധൻ ആഘോഷത്തിനിടയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എല്ലാ സ്ത്രീകളെയും സംരക്ഷിക്കാൻ രാജ്യത്തെ എല്ലാ പുരുഷന്മാരോടും ഞാൻ ആഹ്വാനം ചെയ്യാൻ ആഗ്രഹിക്കുന്നു. ഓരോ സ്‌ത്രീയും ആരുടെയെങ്കിലും സഹോദരിയും മകളുമാണ്. അതിനാല്‍ എല്ലാ സ്‌ത്രീകളെയും ബഹുമാനിക്കുകയെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സൈന മൽഹോത്ര പറഞ്ഞു.
മറ്റുളളവരുടെ ചിന്താഗതി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നതെന്ന് ഷിംല മുൻസിപ്പൽ കോർപ്പറേഷൻ സിറ്റിങ് കൗൺസിലർ ഉമങ് പറഞ്ഞു. അര്‍ധ രാത്രിയിലും സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സ്ഥലമാണ് ഷിംല എന്ന സന്ദേശം എല്ലാവര്‍ക്കും നൽകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായാണ് അർധ രാത്രിയിൽ ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും ഉമങ് പറഞ്ഞു.
കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കളോട് അഭ്യർഥിച്ച ലളിത അഹൂജ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായിലേതുപോലുളള കർക്കശമായ നിയമങ്ങൾ ഇന്ത്യയില്‍ കൊണ്ടുവരേണ്ട സമയമാണിതെന്നും പറഞ്ഞു. ഇരയ്ക്ക് രക്തസാക്ഷി പദവി നൽകാനും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പിന്നീട് കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐയ്‌ക്ക് കൈമാറി.