കൊൽക്കത്ത : ബിജെപിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 200 മണ്ഡലങ്ങളിലെങ്കിലും വിജയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്ന് മമത പറഞ്ഞു. 400ൽ അധികം സീറ്റുകൾ നേടുമെന്ന ബിജെപിയുടെ വാദത്തെയാണ് മമത പരിഹസിച്ചത്. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത ഊന്നിപ്പറഞ്ഞു. പരിക്കിന് ശേഷം ആദ്യമായി കൃഷ്‌ണ നഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയതായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി.
400ലധികം സീറ്റുകൾ നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെങ്കിലും ഇത്തവണ നേടാനായി ബിജെപിയെ വെല്ലുവിളിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകൾ നേടുമെന്ന് ബിജെപി പറഞ്ഞെങ്കിലും ആകെ കിട്ടിയത് 77 മാത്രമാണെന്നും മമത പറഞ്ഞു.
സിഎഎയ്ക്ക് അപേക്ഷ നൽകിയാൽ അയാളെ വിദേശ പൗരനായി കണക്കാക്കും. അതിനാൽ അപേക്ഷ നൽകരുതെന്നും മമത മുന്നറിയിപ്പ് നൽകി. നിയമപരമായി പൗരന്മാരെ വിദേശികളാക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ കെണിയാണ് സിഎഎ. സംസ്ഥാനത്ത് സിഎഎയോ എൻആർസിയോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: നെറ്റിയിലും, മൂക്കിലും പരിക്ക്: മമത ബാനർജി സുഖം പ്രാപിച്ചുവരുന്നെന്ന് ഡോക്‌ടർമാർ
ഇന്ത്യാസഖ്യത്തിൽ പങ്കാളികളായ സിപിഎമ്മിനെയും കോൺഗ്രസിനെയും മമത കുറ്റപ്പെടുത്തി. ബംഗാളിൽ ഇന്ത്യാസഖ്യമില്ലെന്നും, സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും ബിജെപിക്കുവേണ്ടി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ടിഎംസി സ്ഥാനാർഥി മഹുവ മൊയ്ത്രയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്നു മമത.