ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തെലങ്കാനയിൽ ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നു. രണ്ട് മുൻ എംപിമാർ ഉൾപ്പെടെ നാല് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കളും ഒരു കോൺഗ്രസ് നേതാവും ഇന്ന് ബിജെപിയിൽ ചേർന്നു (BRS and Congress leaders join BJP).
മുൻ ബിആർഎസ് എംപിമാരായ ഗോദം നാഗേഷ്, സീതാറാം നായക്, മുൻ എംഎൽഎമാരായ സെയ്‌ദി റെഡ്ഡി, ജലഗം വെങ്കട്ട് റാവു. തെലങ്കാനയിലെ മുൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീനിവാസ് ഗോമസെ എന്നിവരാണ് പാർട്ടിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് നേതാക്കൾ അംഗത്വം സ്വീകരിച്ചു.
ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗിന്‍റെ സാന്നിധ്യത്തിൽ ബിജെപി പാർലമെൻ്ററി ബോർഡ് അംഗമായ കെ ലക്ഷ്‌മൺ നേതാക്കളെ അംഗത്വം നൽകി സ്വാഗതം ചെയ്‌തു. മറ്റ് പാർട്ടികളുടെ നേതാക്കൾ അവരുടെ മക്കളുടെയും മകളുടെയും ഭാവിക്കായി പ്രവർത്തിക്കുമ്പോൾ, മോദി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾക്ക് അംഗത്വം നൽകിക്കൊണ്ട് കെ ലക്ഷ്‌മൺ പറഞ്ഞു.
കുടുംബവാഴ്‌ചയും അഴിമതിയും നിറഞ്ഞ പാർട്ടികളെ ജനങ്ങൾക്ക് മടുത്തെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. പുതുതായി ബിജെപിയിലെത്തിയ നേതാക്കൾ കാഴ്‌ചവച്ച പ്രവർത്തനങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ബിആര്‍എസിനെയും കടന്നാക്രമിച്ച തരുൺ ചുഗ് ബിആർഎസ് ഇപ്പോൾ "ട്രിപ്പിൾ ബി പാർട്ടി" ആണെന്ന് പരിഹസിച്ചു. അച്ഛൻ, മകൻ, മകൾ എന്നിവരുടെ പാർട്ടിയെന്ന അർത്ഥത്തിൽ 'ബാബ, ബേട്ട, ബേബി' പാർട്ടി എന്നാണ് അദ്ദേഹം ബിആർഎസിനെ വിശേഷിപ്പിച്ചത്. ഇവർ മൂവരും സംസ്ഥാനത്ത് അഴിമതി നിറഞ്ഞ സർക്കാരാണ് പ്രവർത്തിപ്പിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 12 ന് തെലങ്കാന സന്ദർശിക്കും. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി പ്രസിഡൻ്റുമായും പാർട്ടി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ 17 ലോക്‌സഭ മണ്ഡലങ്ങളിൽ ഒമ്പതിലും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.