ഝാന്‍സി: സഹോദരന്‍റെ ഗര്‍ഭിണിയായ ഭാര്യയെ പുഴയിലെ പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊന്ന യുവാവ് ആഭരണങ്ങളുമായി കടന്നു. അതിന് ശേഷം ഇയാള്‍ യുവതിയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ലക്ഷ്‌മണ്‍പുരയിലുള്ള ലഹ്‌ചുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബല്‍ബീര്‍ യാദവിന്‍റെ മകള്‍ പൂനത്തിനാണ് ദാരുണാന്ത്യമുണ്ടായത്. 2022 മെയില്‍ 23 വയസുണ്ടായിരുന്ന മകളുടെ വിവാഹം അത്യാഡംബരത്തോടെയാണ് ഇദ്ദേഹം നടത്തിയത്.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. മദ്യപിച്ച ശേഷം ഭര്‍ത്താവും ഭര്‍തൃസഹോദരനും യുവതിയെ ഉപദ്രവിക്കുക പതിവായിരുന്നു. ഇതേക്കുറിച്ച് മകള്‍ പലവട്ടം പിതാവിനോട് പരാതിപ്പെട്ടു. ഉപദ്രവം അസഹ്യമായതോടെ രണ്ട് മാസം മുമ്പ് ഇദ്ദേഹം മകളെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടു വന്നു.
ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍തൃവീട്ടുകാര്‍ രാവിലെയും വൈകിട്ടും നിരന്തരം ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും തിരികെ വരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ഇനി ഉപദ്രവം ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മകളെ വീണ്ടും ഭര്‍തൃഗൃഹത്തിലേക്ക് അയക്കാന്‍ പിതാവ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഭര്‍തസഹോദരന്‍ യുവതിയെ കൂട്ടിക്കൊണ്ട് പോകാനായി എത്തി. പഴയതെല്ലാം മറക്കണമെന്ന് പറയുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്‌തു. അയാളുടെ ഇരുചക്രവാഹനത്തില്‍ തന്നെ മകളെ അയക്കുകയും ചെയ്‌തു. സന്തോഷത്തോടെയാണ് ഇരുവരും പോയത്. അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് മകള്‍ പാലത്തില്‍ നിന്ന് വീണെന്ന് പറഞ്ഞ് ഇയാള്‍ വിളിക്കുന്നത്. തന്‍റെയും സ്ഥിതി മോശമാണെന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഭര്‍തൃസഹോദരന്‍ യുവതിയുടെ ആഭരണങ്ങളുമായി കടന്നിരുന്നു.
Also Read: പെണ്‍സുഹൃത്തിനൊപ്പം ഒയോ റൂമെടുത്ത യുവാവ് മരിച്ച നിലയില്‍ ; അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍
മകളെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ നേരത്തെ പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് ബല്‍ബീര്‍ ആരോപിക്കുന്നത്. ഭര്‍തൃ സഹോദരന്‍ സുരേന്ദ്ര പാലത്തില്‍ ബൈക്ക് നിര്‍ത്തുകയും പൂനത്തെ പാലത്തില്‍ നിന്ന് തള്ളിയിടുകയുമായിരുന്നെന്നും പിതാവ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.