ചെന്നൈ: ശാരീരികമായ വ്യത്യാസങ്ങൾ, മുഖത്തിന്‍റെ സവിശേഷതകൾ, വിരലടയാളങ്ങൾ എന്നിവയാണ് ഒരാളെ മറ്റൊരാളിൽ നിന്ന് വേർതിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇവയില്‍ തന്നെ വിരലടയാളവും കൃഷ്‌ണമണി അടക്കമുള്ള മുഖത്തിന്‍റെ പ്രത്യേകതകളും ഡിജിറ്റൽ ഉപകരണങ്ങൾ തുറക്കാനുള്ള സുരക്ഷാ ഉപാധിയായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഫോണുകൾ മുതൽ റേഷൻ കടകളിൽ നിന്ന് സാധനം വാങ്ങാൻ വരെ ഇപ്പോൾ ഇത്തരം സുരക്ഷ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
വിരലടയാളവും, കണ്ണിന്‍റെയും മുഖത്തിന്‍റെ സവിശേഷതകളുമല്ലാതെ മറ്റെന്തൊക്കെ ഉപയോഗിച്ച് ലളിതമായ സുരക്ഷയൊരുക്കാം എന്നതിനെപ്പറ്റി ലോകവ്യാപകമായി നിരവധി പരീക്ഷണങ്ങളാണ് നടക്കുന്നത്. അതിനിടെയാണ് ഒരുപറ്റം ഇന്ത്യൻ ഗവേഷകർ ശ്വാസം തിരിച്ചറിയുന്ന സാങ്കേതികവിദ്യയിൽ പരീക്ഷണത്തിനൊരുങ്ങുന്നത്. മദ്രാസ് ഐഐടിയിലെ ഗവേഷകരാണ് ഈ മേഖലയിൽ പഠനം നടത്തുന്നത്.
ഐഐടിയിലെ അപ്ലൈഡ് മെക്കാനിക്‌സ് ആന്‍റ് ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫ. മഹേഷ് പഞ്ചാഗ്‌നുലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മനുഷ്യ ശ്വാസം ഉപയോഗിച്ച് സവിശേഷമായ തിരിച്ചറിയൽ രേഖ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ. ഇവർ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനായാൽ അത് ആരോഗ്യ മേഖലയിലും ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും നിർണായകമാകും.
Also Read: സൂക്ഷിക്കണം; നിങ്ങളറിയാതെ നിങ്ങളുടെ വിരലടയാളം വിൽക്കുന്നു
മനുഷ്യൻ പുറന്തള്ളുന്ന ശ്വാസത്തിന്‍റെ പ്രക്ഷുബ്‌ധത ബയോമെട്രിക് അൽഗോരിതങ്ങൾ നിർമ്മിക്കാൻ ഉപയോഗപ്പെടുത്താമെന്ന സിദ്ധാന്തമാണ് സംഘം പരീക്ഷിക്കുന്നത്. എക്‌സ്‌ട്രാതോറാസിക് എയർവേ (ശ്വാസകോശ ഘടന) ഓരോ വ്യക്തിക്കും വ്യത്യസ്‌തമാണെന്ന നിഗമനത്തിലൂന്നിയാണ് ഗവേഷണം. ഈ വ്യത്യസ്‌തത ഒരാൾ പുറത്തുവിടുന്ന ശ്വാസത്തെ ഒരു ബയോമാർക്കറാക്കി മാറ്റുന്നു.
അൽഗോരിതങ്ങളുടെ പ്രകടനം വിലയിരുത്താൻ ഗവേഷകർ 94 മനുഷ്യരിൽ നിന്നുള്ള ശ്വസന സാമ്പിളുകൾ ഉപയോഗിച്ചതായി പ്രൊഫ. മഹേഷ് പഞ്ചാഗ്‌നുല പറഞ്ഞു. "ഒരു വ്യക്തി ശ്വസിക്കുമ്പോൾ, എക്‌ട്രാതോറാസിക് ജ്യോമെട്രിയിലൂടെയാണ് വായു ശ്വാസകോശത്തിൽ നിന്ന് പുറപ്പെടുന്നത്. ഓരോ മനുഷ്യനും ഈ എക്‌ട്രാതോറാസിക് ജ്യോമെട്രിയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തത്ഫലമായുണ്ടാകുന്ന ഉച്ഛ്വാസ വായുവിൽ പ്രവേഗത്തിലെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും" പ്രൊഫസര്‍ പറഞ്ഞു.
ഈ ഏറ്റക്കുറച്ചിലുകളുടെ പാറ്റേണുകളിലെ വ്യത്യാസങ്ങൾ ഉപയോഗിച്ച് ഒരു മനുഷ്യനെ മറ്റൊരാളിൽ നിന്ന് വേർതിരിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിൽ വ്യക്‌തികളെ തിരിച്ചറിയാൻ രണ്ട് വ്യത്യസ്‌ത പരിശോധനകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ സംസാരിക്കുമ്പോൾ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന പരിശോധനയില്‍ തങ്ങള്‍ ഭാഗികമായി വിജയിച്ചതായും മഹേഷ് പഞ്ചാഗ്‌നുല പറഞ്ഞു.
Also Read: ബയോമെട്രിക് വിവരങ്ങൾ പങ്കിടുന്നത് അനുവദനീയമല്ല : യുഐഡിഎഐ
വൈദ്യശാസ്ത്ര മേഖലയിലും തങ്ങൾ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് പ്രൊഫ. പഞ്ചാഗ്‌നുല വിശദീകരിച്ചു. ശ്വാസകോശ പ്രശ്‌നങ്ങളുള്ളവർക്ക് ഇൻഹാലേഷൻ തെറാപ്പി നൽകിവരാറുണ്ട്. ഇതിലൂടെ മരുന്നുകൾ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കുന്നു. ഈ സാഹചര്യത്തിൽ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്ന വ്യക്തിക്ക് നൽകേണ്ട മരുന്നിൻ്റെ അളവ് നിർണ്ണയിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.