പാണ്ഡുവ (പശ്ചിമ ബംഗാൾ) : പശ്ചിമ ബംഗാളിലെ പാണ്ഡുവയിൽ വീണ്ടും ബോംബ് സ്‌ഫോടനം. ഇന്ന് പുലർച്ചെയാണ് പാണ്ഡുവയിലെ ടിന്നയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാണ്‍കുട്ടി മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രാവിലെ എട്ട് മണിയോടെയാണ് കുട്ടികൾ കളിക്കുകയായിരുന്ന സ്ഥലത്ത് സ്‌ഫോടനം ഉണ്ടായത്. കളിക്കുന്നതിനിടയിൽ ഒരു കുഴിയിൽ നിന്ന് ബോംബ് കുട്ടികൾ കണ്ടെത്തുകയും പന്താണെന്ന് കരുതി കൂട്ടത്തിൽ ഒരു ആൺകുട്ടി ബോംബ് കൈയിൽ എടുക്കുകയും ചെയ്‌തു. ചവിട്ടിയ ഉടൻ പെട്ടന്ന് തന്നെ പൊട്ടിത്തെറി ഉണ്ടായി.
വലിയ ശബ്‌ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും രാജ് ബിശ്വാസ് എന്ന ഏഴ് വയസുകാരൻ മരണപ്പെട്ടു. മറ്റ് രണ്ട് ആൺകുട്ടിളെയും ഗുരുതരമായി പരിക്കേറ്റ് പാണ്ഡുവ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബർദ്വാനിലെ പല്ല റോഡിലാണ് മരിച്ച കുട്ടിയുടെ വീട്. അമ്മാവന്‍റെ വീട്ടിൽ വിരുന്ന് വന്ന സമയത്താണ് ബോംബ് പൊട്ടിത്തെറിച്ച് കുട്ടി മരണപ്പെട്ടത്.
മരണപ്പെട്ട കുട്ടിയുടെ അമ്മാവന്‍റെ അയൽവാസികളായ രൂപം ബല്ലഭ് (13), സൗരവ് ചൗധരി (8) എന്നിവർക്കാണ് പരിക്കേറ്റത്. രൂപത്തിന്‍റെ കൈക്ക് സാരമായി പരിക്കേറ്റു. സൗരവിന്‍റെ കാലിനാണ് പരിക്കേറ്റത്. ടിന്ന ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും.