വഡോദര: ഒരു തയ്യല്‍ക്കടയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് ഗുജറാത്തിലെ വഡോദര ജില്ലയിലെ ഉപഭോക്‌തൃ കോടതി. ഒരു സ്‌ത്രീയുടെ വസ്‌ത്രം മോശമായി തുന്നി അവര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കിയ സംഭവത്തിലാണ് നടപടി. വിവാഹ ചടങ്ങിന് ധരിക്കാനുള്ള വസ്‌ത്രമാണ് മോശമായി തുന്നിയത്. ഇത് മൂലം മറ്റൊരു വസ്‌ത്രം ധരിച്ച് കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കേണ്ടി വന്നു.
അനന്തരവന്‍റെ കല്യാണത്തിന് ധരിക്കാനായി തയ്‌പിച്ച വസ്‌ത്രമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. മൂന്ന് ബ്ലൗസുകളും രണ്ട് മറ്റ് വസ്‌ത്രങ്ങളുമാണ് മോശമായി തുന്നിയത്. ലാ വിചിത്ര എന്ന തയ്യല്‍ക്കടയ്ക്ക് എതിരെയാണ് നടപടി. ഇതില്‍ മൂവായിരം രൂപ സ്‌ത്രീ നല്‍കിയ തയ്യല്‍ക്കൂലിയും രണ്ടായിരം നിയമനടപടിയുടെ ചെലവുകള്‍ക്കുമായാണ് വിധിച്ചിട്ടുള്ളത്.
അഹമ്മദാബാദില്‍ നിന്നുള്ള ദീപിക ദവയാണ് പരാതിക്കാരി. 2017 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. മറ്റൊരു കടയില്‍ നിന്ന് വാങ്ങിയ സാരിക്ക് അനുയോജ്യമായ ബ്ലൗസുകള്‍ ഇവിടെ നിന്ന് എടുക്കുകയും തയ്‌ക്കാനായി നല്‍കുകയും ചെയ്‌തു. മറ്റൊരു ബ്ലൗസും മകളുടെ രണ്ട് വസ്‌ത്രങ്ങളും തയ്ക്കാനായി ഇവിടെ നല്‍കി. തയ്യല്‍ക്കൂലിയായി അയ്യായിരം രൂപയും നല്‍കി. നവംബറില്‍ വീണ്ടും കടയില്‍ ഡ്രസ് വാങ്ങാനായി ഇവരെത്തി. അപ്പോഴാണ് ശരിയായ രീതിയിലല്ല ഇത് തയ്‌ച്ചതെന്ന് മനസിലാക്കിയത്. മകളുടെ വസ്‌ത്രങ്ങള്‍ തയ്‌ച്ചതിലും പ്രശ്‌നങ്ങള്‍ കണ്ടെത്തി.
Also Read: ഉത്തരേന്ത്യൻ മുതൽ അഫ്‌ഗാൻ സ്റ്റൈൽ വരെ; തുന്നാൻ അബ്ബാ ഭായി ഉണ്ട്
തനിക്ക് വേറെ തുണികള്‍ വാങ്ങി ബ്ലൗസ് തുന്നിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും കടക്കാരന്‍ തയാറായില്ല. തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 10,800 രൂപയ്ക്കാണ് താന്‍ മൂന്ന് സാരികള്‍ വാങ്ങിയതെന്നും ഇവര്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 13200 രൂപ നഷ്‌ടപരിഹാരം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. അയ്യായിരം രൂപ നല്‍കിയതില്‍ രണ്ടായിരം തിരികെ നല്‍കിയതിന്‍റെ രേഖകളും സമര്‍പ്പിച്ചിരുന്നു. പ്രതിഭാഗത്ത് നിന്ന് യാതൊരു എതിര്‍വാദങ്ങളും ഉണ്ടായില്ല.